തിരുവനന്തപുരം> ഓണത്തിന്റേതായ എല്ലാ ചെലവും കൃത്യമായി നിറവേറ്റിയിട്ടും മാസാദ്യം സർക്കാർ ചെലവുകൾ പതിവുപോലെ തുടരുന്നു. ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെ ഒരു മുടക്കവുമില്ലാതെ വിതരണം ചെയ്തു. പതിവ് ചെലവുകളൊന്നും മാറ്റിവയ്ക്കുന്നില്ല. കരാറുകാരുടെ ബിൽ മാറൽ, ഉദ്യോഗസ്ഥരുടെയും മറ്റും ടിഎ അനുവദിക്കൽ തുടങ്ങിയ കാര്യങ്ങളിൽ മാത്രമാണ് ഭാഗിക നിയന്ത്രണമുള്ളത്. ട്രഷറിയിൽ ഞെരുക്കത്തിൽ അയവുവരുന്നതിന് അനുസരിച്ച് നിയന്ത്രണങ്ങളിൽ മാറ്റംവരുത്തും.
ഓണത്തിന്റെ ഭാഗമായി മൂന്നാഴ്കളിലായി 18,000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ കൈകളിലേക്ക് എത്തിച്ചത്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ്. എന്നാൽ, ഓണക്കാലത്തുപോലും സംസ്ഥാനത്ത് വിലക്കയറ്റമുണ്ടായില്ല. പതിവിലും കുറഞ്ഞ വിലയും ചില വിപണികളിൽ കാണാനായി. റിസർവ് ബാങ്കിന്റെ പുതിയ വിലയിരുത്തലിൽ രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമായി ഓണക്കാലത്തുപോലും നിലയുറപ്പിക്കാനായി. 3100 ൽപ്പരം ഓണച്ചന്തകളും 2000ൽപ്പരം കർഷകച്ചന്തകളും പ്രവർത്തിച്ചു. 60 ലക്ഷം പേർക്ക് 3200 രൂപവീതം ക്ഷേമപെൻഷൻ നൽകി. തൊഴിലുറപ്പ്, ലോട്ടറി തുടങ്ങിയ വിവിധ മേഖലകളിൽ പണിയെടുക്കുന്നവർ, സർക്കാർ ജീവനക്കാർ, പെൻഷൻകാർ ഉൾപ്പെടെ എല്ലാവരിലേക്കും സർക്കാരിന്റെ ഓണം ആനുകൂല്യങ്ങളെത്തി. എല്ലാ മേഖലയിലും ഉൽപ്പാദനവും വിൽപ്പനയും ഉയർന്നു. വാണിജ്യ, വ്യവസായ, കാർഷിക, ഉൽപ്പാദന മേഖലകളിലെല്ലാം സംസ്ഥാനം മുന്നോട്ടാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കേന്ദ്രനയത്തിന്റെ ഭാഗമായ സാമ്പത്തികഞെരുക്കം മാത്രമാണ് ഇപ്പോഴുള്ളത്. പലവിധത്തിൽ കേരളത്തിന്റെ അർഹമായ ധന വിഹിതങ്ങൾ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. തനതുവരുമാനം ഉയർത്തിയും ബദൽ സാമ്പത്തികനയം സ്വീകരിച്ചും ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. കേരളത്തിന്റെ സാമ്പത്തികസ്ഥിതി കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് എത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജൻസികളും വിലയിരുത്തുന്നു.