ന്യൂഡൽഹി> രാജസ്ഥാനും മധ്യപ്രദേശും അടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ 16 അംഗ തെരഞ്ഞെടുപ്പ് സമിതിക്ക് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രൂപം നൽകി. ഖാർഗെയ്ക്ക് പുറമെ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ സമിതിയിലുണ്ട്. കേരളത്തിൽനിന്ന് കെ സി വേണുഗോപാൽ മാത്രമാണ് സമിതിയംഗം.
എ കെ ആന്റണി ഒഴിവാക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതിയിൽ നേരത്തെ ഉൾപ്പെട്ടിരുന്ന മുകുൾ വാസ്നിക്ക്, വീരപ്പ മൊയ്ലി എന്നിവരും തഴയപ്പെട്ടു. അംബികാ സോണി, അധിർ രഞ്ജൻ ചൗധുരി, സൽമാൻ ഖുർഷിദ്, മധുസൂദൻ മിസ്ത്രി, എൻ ഉത്തംകുമാർ റെഡ്ഡി, ടി എസ് സിങ് ദേവ്, കെ ജെ ജോർജ്, പ്രീതം സിങ്, മുഹമദ് ജാവേദ്, അമീ യാജ്നിക്ക്, പി എൽ പുനിയ, ഓംകാർ മാർകം എന്നിവരാണ് മറ്റ് സമിതിയംഗങ്ങൾ.















