മുംബൈ > മുംബൈയിൽ ഫ്ളൈറ്റ് അറ്റന്‍ഡന്റായ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ രൂപാല്‍ ഓഗ്രേ(25) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. എയര്‍ഇന്ത്യയിലെ ട്രെയിനിങ്ങിനായി ഏപ്രിലിലാണ് രൂപാൽ മുംബൈയിലെത്തിയത്. അന്ധേരിയിലെ ഫ്ലാറ്റില്‍ സഹോദരിക്കും സുഹൃത്തിനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ഇവർ എട്ടു ദിവസം മുമ്പ് നാട്ടിലേക്ക് പോയിരുന്നു.
ഞായറാഴ്ച രാവിലെ യുവതി വീട്ടുകാരുമായി സംസാരിച്ചിരുന്നു. പീന്നീട് പലതവണ വീട്ടുകാർ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. തുടർന്ന് കുടുംബാംഗങ്ങള്‍ മുംബൈയിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവർ ഫ്ലാറ്റിലെത്തി കോളിങ് ബെല്ലടിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റിന്റെ വാതില്‍ തുറന്നതോടെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തറത്തനിലയിലായിരുന്നു കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.