തിരുവനന്തപുരം
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏഴുസീറ്റ് വിട്ടുനൽകണമെന്ന ബിഡിജെഎസിന്റെ ആവശ്യത്തോട് മുഖംതിരിച്ച് ബിജെപി. ആവശ്യമുന്നയിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും മറുപടി നൽകാനോ, ചർച്ചയ്ക്കുവിളിക്കാനോ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങൾ തയ്യാറാകാത്തതിൽ ബിഡിജെഎസ് നേതാക്കളിൽ അമർഷം പുകയുകയാണ്.
തൃശൂരിൽ ഉൾപ്പെടെ ബിജെപിയുടെ വോട്ട് വർധനയ്ക്കുകാരണം തങ്ങളുടെ സ്വാധീനമാണെന്നാണ് ബിഡിജെഎസിന്റെ അവകാശവാദം. അതുകൊണ്ടാണ് തൃശൂർ, പാലക്കാട്, കോട്ടയം പാർലമെന്റ് സീറ്റുകൾകൂടി ആവശ്യപ്പെട്ടതെന്ന് നേതാക്കൾ പറയുന്നു. കഴിഞ്ഞതവണ വയനാട്, ഇടുക്കി, ആലത്തൂർ, മാവേലിക്കര മണ്ഡലങ്ങളിൽമാത്രമാണ് മത്സരിച്ചത്.
എന്നാൽ, ‘എ ക്ലാസ്’ മണ്ഡലമായി പാർടി കരുതുന്ന തൃശൂരിലും പാലക്കാട്ടും കണ്ണുവയ്ക്കണ്ട എന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. അമിത് ഷാ ഇടപെട്ടാണ് അദ്ദേഹത്തെ വയനാട്ടിലേക്ക് മാറ്റിയത്. അമിത്ഷായും തുഷാറും തമ്മിലുള്ള ഈ ബന്ധംപോലും ഗുണം ചെയ്യുന്നില്ല എന്നതാണ് ബിഡിജെഎസ് നേതാക്കളുടെ പരാതി. വാഗ്ദാനം ചെയ്ത പദവികൾപോലും നേടിയെടുക്കാൻ സംസ്ഥാന പ്രസിഡന്റായ തുഷാറിന് കഴിയുന്നില്ലെന്ന് മറ്റുനേതാക്കൾ പറയുന്നു. കേന്ദ്ര സ്പൈസസ് ബോർഡ്, ഇന്ത്യൻ ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ (ഐടിഡിസി) എന്നിവയിൽമാത്രമാണ് ബിഡിജെഎസ് പ്രതിധിനികൾക്ക് അവസരം നൽകിയിരുന്നത്. ഇവയുടെ കാലാവധി കഴിഞ്ഞപ്പോൾ മറ്റുപദവികളിലേക്ക് പരിഗണിച്ചില്ല.
ബിഡിജെഎസിന്റെ പരിപാടികളിൽ ബിജെപി നേതാക്കൾ വിട്ടുനിൽക്കുന്നത് മനഃപൂർവമാണെന്നും നേതാക്കൾ പറയുന്നു. സീറ്റുവിഭജനം ചർച്ച ചെയ്യാൻ ഉടൻ എൻഡിഎ യോഗം വിളിക്കണമെന്നും ബിഡിജെഎസ് ആവശ്യപ്പെടുന്നുണ്ട്.