ന്യൂഡൽഹി > നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ച 28കാരനെ 14കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം. 28 വയസുകാരനായ ട്യൂഷൻ അധ്യാപകനാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. അധ്യാപകൻ നിരന്തരമായി കുട്ടിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുമായിരുന്നതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് കുട്ടി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അധ്യാപകനെ കൊലപ്പെടുത്തിയത്.
ജാമിയ നഗറിലെ ബട്ല ഹൗസിലെ ഒരു വീടിന്റെ രണ്ടാം നിലയിലെ മുറിയിൽനിന്നു രക്തം വരുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു. രണ്ട് മാസം മുന്‍പാണ് വിദ്യാര്‍ത്ഥി യുവാവിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ നിരന്തരമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു. സംഭവം നടന്ന ദിവസം കുട്ടിയോട് ഇയാൾ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. പേപ്പർ കട്ടറുമായെത്തിയ കുട്ടി അതുപയോഗിച്ച് യുവാവിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ കുട്ടിയെ മൂന്നു ദിവസത്തിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.