കുട്ടനാട്ടിൽ നിന്ന് നാളിതുവരെ ഒരാളും സിപിഐ എം വിട്ട് പോയിട്ടില്ല. മറ്റ് പാർടിയിൽ ചേർന്നിട്ടുമില്ല. എന്നാൽ മറ്റ് പാർടികളിൽ നിന്ന് രാജിവച്ച് നിരവധി പേർ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കുന്നു. വെട്ട് കേസിൽ സിപിഐ എം പ്രാദേശിക നേതൃത്വം ഒത്തുതീർപ്പുണ്ടാക്കിയെന്ന വാർത്ത പ്രചരിപ്പിച്ച പത്രം പിന്നീട് ജില്ലാ നേതൃത്വം ഇടപെട്ട് ഒത്തുതീർപ്പ് പൊളിച്ചുവെന്ന വാർത്ത കൊടുത്തു. ഒത്തുതീർപ്പ് ഉണ്ടായിട്ടുമില്ല. പൊളിച്ചിട്ടുമില്ല. പച്ചക്കള്ളം പ്രചരിപ്പിക്കുകയുമാണ്.
ജില്ലയിലെ 72 പഞ്ചായത്തുകളിൽ 62 ലും 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 11 ലും 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 21 ലും എൽഡിഎഫ് ആണ് വിജയിച്ചത്. ഈ രൂപത്തിൽ ജില്ലയിലെ ജനങ്ങളുടെ പിന്തുണ ആർജിച്ച സിപിഐ എമ്മിനെതിരെ കള്ളപ്രചാര വേല നടത്തി മോശപ്പെടുത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഈ മാധ്യമ പ്രചാരവേല ജില്ലയിലെ ജനങ്ങൾ തള്ളിക്കളഞ്ഞ് സിപിഐ എമ്മിനെ കൂടുതൽ ശക്തിപ്പെടുത്തുക തന്നെ ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.