കൊച്ചി > അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലവും എൻജിനിയറിങ് വിദ്യാർഥി രാജന്റെ തിരോധാനവും അനാവരണം ചെയ്യുന്ന പ്രൊഫ. സി ആർ ഓമനക്കുട്ടന്റെ ‘ശവംതീനികൾ’, “തെരഞ്ഞെടുത്ത കഥകൾ’ എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. നടൻ മമ്മൂട്ടി പുസ്തകം പ്രകാശിപ്പിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടൻ സലിം കുമാർ അധ്യക്ഷനായി. ‘ശവംതീനികൾ’ മമ്മൂട്ടി രവി ഡിസിക്കും ജോസി ജോസഫിനും നൽകി പ്രകാശിപ്പിച്ചു. “തെരഞ്ഞെടുത്ത കഥകൾ’ സലിംകുമാർ ഉണ്ണി ആറിനും എസ് ഹരീഷിനും നൽകി പ്രകാശിപ്പിച്ചു.
പുസ്തകം പ്രകാശിപ്പിക്കൽ ചടങ്ങ് പ്രൊഫ. സി ആർ ഓമനക്കുട്ടന്റെയും സുഹൃത്തുക്കളുടെയും സംഗമവേദികൂടിയായി മാറി. നമുക്കു ചുറ്റും നടക്കുന്ന യാഥാർഥ്യമാണ് സി ആർ ഓമനക്കുട്ടന്റെ “ശവംതീനികൾ’ എന്ന രചനയെന്ന് മാധ്യമപ്രവർത്തകൻ ജോസി ജോസഫ് പറഞ്ഞു. ലോങ് ഫോം നരേറ്റീവിന്റെ ആധുനിക ജേർണലിസ്റ്റ് മാതൃകയും ശവംതീനികളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാലത്തും വായിച്ചിരിക്കേണ്ട രചനയാണിതെന്നും ജോസി ജോസഫ് പറഞ്ഞു. ഭരണഘടനയെ ദുരുപയോഗം ചെയ്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അവിടെ സ്നേഹത്തിന്റെ രാഷ്ട്രീയമൂല്യമുയർത്തി ഇരുട്ടിനോട് ഇടഞ്ഞുനിൽക്കണമെന്ന ഓർമപ്പെടുത്തലാണ് സി ആർ ഓമനക്കുട്ടന്റെ രചന. അധ്യാപകന്റെ അധികാരഭാവം കുടഞ്ഞെറിഞ്ഞ വ്യക്തിയായിരുന്നു സി ആർ ഓമനക്കുട്ടനെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും ഒരുപാട് രചനകൾ മാഷിന്റേതായി പുറത്തുവരട്ടെയെന്നായിരുന്നു മമ്മൂട്ടിയുടെ ആശംസ. മഹാരാജാസിൽ ഏറ്റവും പ്രിയപ്പെട്ടത് സി ആർ ഓമനക്കുട്ടൻ മാഷാണെന്നായിരുന്നു നടൻ സലിം കുമാർ പറഞ്ഞത്. സി ആർ ഓമനക്കുട്ടൻ മറുപടി പ്രസംഗം നടത്തി. മീൻചന്ത ആർട്സ് കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുമ്പോൾ പ്രൊഫ. ഇ കെ ഈച്ചരവാര്യർക്കൊപ്പമായിരുന്നു ഒരു വർഷത്തോളം താമസം. അവിടെവച്ചാണ് രാജനെ പരിചയപ്പെടുന്നത്. മകന്റെ അപ്രതീക്ഷിത തിരോധാനത്തെ തുടർന്ന് മാനസികമായി തകർന്ന അച്ഛനൊപ്പമുള്ള യാത്രയും അന്വേഷണങ്ങളുമാണ് ശവംതീനികൾ എന്ന പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചത്. ദേശാഭിമാനിയിലാണ് ശവംതീനികൾ പ്രസിദ്ധീകരിച്ചത്. ഓമനക്കഥകളുടെ നാടും സമൂഹവും സംസ്കാരവും രാഷ്ട്രീയവും എന്ന വിഷയത്തിൽ എസ് ഹരീഷ് പ്രഭാഷണം നടത്തി. ഡി ശ്രീജിത്, ജ്യോതിർമയി തുടങ്ങിയവർ സംസാരിച്ചു.