ഭുവനേശ്വർ > ബാലസോർ ട്രെയിൻ അപകടത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായ 3 റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹാന്ത, സെക്ഷൻ എഞ്ചിനീയർ മൊഹമ്മദ് ആമിർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെയാണ് കേസിൽ മുമ്പ് അറസ്റ്റ് ചെയ്തിരുന്നത്. സെക്ഷൻ 304, 201 സിആർപിസി വകുപ്പുകൾ പ്രകാരമാണ് കേസ്. നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെയുള്ള കുറ്റം. സിഗ്നലിങ്ങിൽ വന്ന പിഴവുകൾ കാരണമാണ് അപകടം നടന്നതെന്ന് കണ്ടെത്തിയിരുന്നു.
ജൂൺ രണ്ടിനായിരുന്നു ഒഡിഷയിലെ ബാലസോറിൽ രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സിഗ്നൽ വിഭാഗത്തിലെ ജീവനക്കാരുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് റെയിൽവേ സേഫ്റ്റി കമീഷണർ (സിആർഎസ്) വ്യക്തമാക്കിയിരുന്നു. ജൂൺ രണ്ടിനാണ് ഹൗറയിൽനിന്ന് ചെന്നൈയിലേക്ക് പോയ കോറമാണ്ഡൽ എക്സ്പ്രസ് നിർത്തിയിട്ട ചരക്കു ട്രെയിനിന്റെ പുറകിൽ ഇടിച്ചത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ അടുത്ത ട്രാക്കിലൂടെ വന്ന യശ്വന്ത്പുർ– -ഹൗറ എക്സ്പ്രസും ഇതിൽ ഇടിച്ച് പാളംതെറ്റി. അപകടത്തിൽ 290ഓളം പേർ മരിച്ചു. ആയിരത്തോളം പേർക്ക് പരിക്കേറ്റു.