ശ്രീഹരിക്കോട്ട > ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം വിജയകരം. കൃത്യമായ ഭ്രമണപഥത്തിൽ പേടകം സ്ഥാപിച്ചു. ഇനി 4 മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ 1 ന്റെ മുന്നിലുള്ളത്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യം കുതിച്ചുയർന്നത്.
ആദ്യഭ്രമണ പഥത്തിൽനിന്ന് പടിപടിയായി പഥം ഉയർത്തി 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റിലേക്കാണ് ഇനിയുള്ള യാത്ര. ദീർഘ യാത്രയ്ക്കൊടുവിൽ ഡിസംബറിലോ ജനുവരിയിലോ ലക്ഷ്യത്തിലെത്തും.
ഭൂമിക്കും സൂര്യനുമിടയിൽ ഗുരുത്വാകർഷണബലം തുല്യമായ മേഖലയാണ് ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റ്. ഇവിടെ പ്രത്യേക പഥത്തിൽ ഭ്രമണം ചെയ്ത് സൂര്യനെ നിരീക്ഷിച്ച് വിവരങ്ങൾ ലഭ്യമാക്കും. 15 കോടിയിലധികം കിലോമീറ്റർ അകലെയുള്ള സൂര്യനെ പഠിക്കാൻ ഏറ്റവും ആധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യന്റെ കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ, സൗരവാതങ്ങൾ തുടങ്ങിയവയെ സൂക്ഷ്മമായി നിരീക്ഷിക്കും. സൗരപ്രതിഭാസങ്ങൾ വഴി സൂര്യനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഭൂമിയെ ബാധിക്കുന്നതെങ്ങനെയെന്ന പഠനമാണ് ആദിത്യയുടെ ലക്ഷ്യം. അഞ്ച് വർഷമാണ് ദൗത്യ കാലാവധി.