ന്യൂഡൽഹി
ഗൗതം അദാനി രാജ്യത്തെയും ഓഹരി ഉടമകളെയും വഞ്ചിച്ചതായി മാധ്യമപ്രവർത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഒസിസിആർപി പുറത്തുവിട്ട വിവരങ്ങൾ ശരിവച്ച് കൂടുതൽ രേഖകൾ. മൗറീഷ്യസുവഴി അദാനി ഗ്രൂപ്പ് കമ്പനികളിൽ ഓഹരിനിക്ഷേപം നടത്തിയ രണ്ട് കള്ളപ്പണ കമ്പനികളും അദാനികുടുംബത്തിന്റെ സ്ഥാപനങ്ങളെന്ന് കോർപറേറ്റുകൾക്ക് വിദേശത്ത് സേവനങ്ങൾ നൽകുന്ന ട്രിഡന്റ് ട്രസ്റ്റ് സ്ഥിരീകരിച്ചു. ഓഹരി വിപണിയിലെ ഇന്ത്യൻ ചട്ടങ്ങൾ മറികടക്കാനായി ഉപയോഗിച്ച ഗൾഫ് ഏഷ്യാട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്, ലിങ്കോ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് അദാനിബന്ധം. ബെർമുഡ ദ്വീപിലെ ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ് ഫണ്ട് നിയന്ത്രിക്കുന്ന, മൗറീഷ്യസ് ആസ്ഥാനമായ ഇന്ത്യ ഫോക്കസ് ഫണ്ട്സ്, ഇഎം റിസർജന്റ് ഫണ്ട് എന്നിവ ഈ സ്ഥാപനങ്ങൾ വഴിയാണ് അദാനി കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടിയത്.
യുഎഇ പൗരൻ നസീർ അലി ഷബാൻ അഹ്ലിയുടെ പേരിൽ 2011 മേയിൽ ഗൾഫ് ഏഷ്യാട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് രജിസ്റ്റർ ചെയ്ത് ഒരു മാസത്തിനുശേഷം ഇതിന്റെ 100 ശതമാനം ഓഹരിയും രാകേഷ് ശാന്തിലാൽ ഷാ എന്നയാളുടെ പേരിലാക്കി. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയും ഭാര്യ രഞ്ചൻബെന്നും ചേർന്ന് 1994ൽ ജിഎ ഇന്റർനാഷണൽ (ബഹമാസ്) എന്ന കമ്പനി സ്ഥാപിച്ചിരുന്നു. 1996ൽ രഞ്ചൻബെന്നിന് പകരം ഡയറക്ടറായി നിയമിതനായ വ്യക്തിയാണ് ശാന്തിലാൽ. ദുബായ് ആസ്ഥാനമായ അദാനി ഗ്ലോബലിലും ഇദ്ദേഹം ഡയറക്ടറായി. തയ്വാൻ പൗരൻ ചാങ് ചുങ് ലിങ്ങിന്റെ പേരിൽ 2010 ആഗസ്തിൽ രജിസ്റ്റർ ചെയ്ത ലിങ്കോ കമ്പനിയുടെ സർവകാര്യങ്ങളിലും തേജൽ രമൺലാൽ ദേശായി എന്നയാൾക്ക് പവർ ഓഫ് അറ്റോർണി നൽകി. തേജൽ ദേശായിയും അദാനി ഗ്ലോബലിലെ ജീവനക്കാരനാണ്.