പത്തനംതിട്ട > പത്തനംതിട്ടയിൽ മഴ ശക്തമാകുന്നു. മഴ കനത്തതിനെ തുടർന്ന് ജില്ലയിലെ മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് അണക്കെട്ടുകൾ തുറന്നത്. ഇരു ഡാമുകളുടെയും എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നതിൽ ഇതിൽ രണ്ടെണ്ണം പിന്നീട് അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്.
രാത്രി വൈകിയും പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഉൾവനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് ജലനിരപ്പ് ഉയർന്നതെന്നാണ് സംശയം. മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് ഉരുൾപ്പൊട്ടലുണ്ടായതായി സംശയിക്കുന്നത്. മൂഴിയാറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് മുതൽ പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്.
നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ ഗവിയിലേയ്ക്കുള്ള പ്രവേശനവും താൽക്കാലികമായി നിർത്തിയിട്ടുണ്ട്. പമ്പയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.