പൂനെ > നടൻ ആർ മാധവനെ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എഫ്ടിഐഐ) യുടെ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനുമായി നിയമിച്ചു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എക്സ് പ്ലാറ്റ്ഫോമിലൂടെ മാധവന് അഭിനന്ദനം അറിയിച്ചു.
മുൻ പ്രസിഡന്റ് ശേഖർ കപൂറിന്റെ കാലാവധി മാർച്ച് മൂന്നിന് അവസാനിച്ചിരുന്നു. തുടർന്ന് അഞ്ചുമാസമായി ആരെയും നിയമിച്ചിരുന്നില്ല. ഈ സ്ഥാനത്തേക്കാണ് മാധവനെ നിയമിച്ചത്.
തമിഴ്, ഹിന്ദി ഭാഷകളിൽ അഭിനയിക്കുന്ന മാധവൻ അലൈപ്പായുതേ, റൺ, 3 ഇഡിയറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നടൻ, എഴുത്തുകാരൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒടുവിലിറങ്ങിയ റോക്കട്രി ദി നമ്പി എഫക്ട് സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. ചിത്രം മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു.