മുംബൈ > ശിവസേന യുബിടി നേതാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. താക്കറെ വിഭാഗത്തിലെ പ്രമുഖ നേതാവായ സുധീർ മോറിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ ഘാട്കോപ്പർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ നിന്നാണ് സുധീർ മോറിൻറെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിൻറെ പ്രഥമിക നിഗമനം.
രത്നഗിരി ജില്ലയുടെ സമ്പർക്ക് പ്രമുഖായി നിയമിക്കപ്പെട്ട മോർ കോർപറേഷൻ തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മീറ്റിങ്ങിൽ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞാണ് മോർ വീട്ടിൽ നിന്നും തിരിച്ചത്. എന്നാൽ ഏറെ വൈകിയിട്ടും തിരിച്ചെത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.