കരിപ്പൂർ
രാത്രി മാത്രമല്ല, കരിപ്പൂരിൽ പകലും വിമാന സർവീസിന് അവസരമൊരുങ്ങുകയാണ്. നവീകരണത്തിനായി ജനുവരി 15 മുതൽ അടച്ചിട്ടിരുന്ന റൺവേ പൂർണമായി തുറന്നതോടെയാണിത്. വിമാനത്താവളത്തിന്റെ പ്രവർത്തനം 24 മണിക്കൂറായി പുനഃസ്ഥാപിച്ചിട്ടുണ്ട്. 2020 ആഗസ്ത് ഏഴിലെ വിമാന അപകടം അന്വേഷിച്ച സമിതിയുടെ ശുപാർശയിലായിരുന്നു റൺവേ നവീകരണം പ്രഖ്യാപിച്ചത്.
കരിപ്പൂരിൽ രാവിലെ പത്തുമുതൽ വൈകിട്ട് ആറുവരെയായിരുന്നു നിയന്ത്രണം. ഇതോടെ സർവീസുകൾ രാത്രിമാത്രമായി ചുരുങ്ങി. നിർത്തലാക്കിയ ആറ് ആഭ്യന്തര സർവീസുകളും പുനഃസ്ഥാപിക്കും. ആറുമാസമെടുത്താണ് പ്രവൃത്തി പൂർത്തിയാക്കിയത്. അടിയന്തര സാഹചര്യത്തിൽ ഹജ്ജ് സർവീസിനായി റൺവേ തുറന്നിരുന്നു. ടാറിങ് മാറ്റിസ്ഥാപിക്കൽ, പ്രതലം ബലപ്പെടുത്തൽ, മധ്യത്തിൽ ലൈറ്റിങ് സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നിവയാണ് റൺവേയിൽ പ്രധാനമായും ചെയ്തത്.
നവീകരിച്ച റൺവേ തുറക്കുകയും റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വിപുലീകരണത്തിന് ഭൂമിയേറ്റെടുക്കാനുള്ള സർക്കാർ നടപടികൾ അതിവേഗം മുന്നേറുന്നതും കരിപ്പൂരിന് പ്രതാപം തിരിച്ചുപിടിക്കാൻ സഹായിക്കും. സ്ഥലം വിട്ടുനൽകുന്നവരുടെ ഭൂരേഖാ പരിശോധനയും പ്രതിഫലം നിശ്ചയിക്കലും വെള്ളിയാഴ്ച പുനരാരംഭിക്കുകയാണ്. എന്നാൽ, 2025നകം സ്വകാര്യവൽക്കരിക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്.