ന്യൂഡൽഹി > ഷെയറുകളുടെ മൂല്യം വർധിപ്പിക്കാനായി അദാനി സ്വന്തം കമ്പനികളിൽ രഹസ്യനിക്ഷേപം നടത്തിയെന്നും വിദേശത്തേയ്ക്ക് പണം കടത്തിയെന്നും കണ്ടെത്തിയ പുതിയ റിപ്പോർട്ടുകൾ പുറത്ത്. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടാണ് (ഒസിസിആർപി) റിപ്പോർട്ട് പുറത്തുവിട്ടത്.
നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണം കടത്തിയെന്നും ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഹരി വിപണിയിൽ ഷെയറുകളുടെ മൂല്യം വർധിപ്പിക്കാൻ അദാനി ഗ്രൂപ്പ് നിഴൽ കമ്പനികളെ ഉപയോഗിച്ചതായാണ് ആരോപണം. ഗൗതം അദാനിയുടെ കൂട്ടാളികള് തന്നെ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയെന്നും വിദേശത്ത് നിന്നുള്ള കടലാസ് കമ്പനികൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നതായി ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2013 മുതൽ 2018 വരെയുള്ള കാലയളവിലാണ് ഈ നിക്ഷേപത്തട്ടിപ്പ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകൾ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴൽ കമ്പനികൾക്ക് നൽകും. തുടർന്ന് ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരിൽ സ്വന്തം ഓഹരികൾ അദാനി തന്നെ വാങ്ങുകയും ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി പണം തട്ടുകയും ചെയ്തെന്നും റിപ്പോർട്ട് പറയുന്നു. ഡിആർഐ പോലുള്ള ഏജൻസികൾക്ക് ഇത് അറിയാമായിരുന്നെന്നും മോദി സർക്കാർ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ റിപ്പോർട്ട് കള്ളമാണെന്നും മനപൂർവം സൃഷ്ടിച്ചതാണെന്നും അദാനി ആരോപിച്ചു. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തി
കഴിഞ്ഞ ജനുവരിയിൽ ഹിൻഡൻബർഗും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അതോടെ 2022ൽ ലോകസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി താഴേക്ക് വീണിരുന്നു. ഓഫ്ഷോർ കമ്പനികൾ ഉപയോഗിച്ചാണ് 2022-ൽ കമ്പനിയുടെ വിപണിമൂല്യം കൂട്ടിയതെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. ഇതിനു പിന്നാലെ കമ്പനിയുടെ വിപണിമൂല്യം ഇടിഞ്ഞിരുന്നു. ഇതേ രീതിയിലുള്ള റിപ്പോർട്ടാണ് ഒസിസിആർപിയും പുറത്തുവിട്ടിരിക്കുന്നത്.
ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനി ക്രമക്കേടിൽ നടത്തിയ പങ്കിനെക്കുറിച്ചും ഒസിസിആർപിയുടെ റിപ്പോർട്ടിലുണ്ട്.