ഗുരുഗ്രാം
നൂഹ് വർഗീയ സംഘർഷത്തില് അറസ്റ്റിലായ “ഗോരക്ഷാഗുണ്ട’ ബിട്ടു ബജ്റംഗിക്ക് ജാമ്യം. 17-ന് നൂഹ് കോടതിയിൽ ഹാജരാക്കിയ ബജ്റംഗി ഫരീദാബാദിലെ നീംക ജയിലിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ബുധനാഴ്ച ബജ്റംഗിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സന്ദീപ് കുമാർ ജാമ്യം അനുവദിച്ചതായി നൂഹ് പൊലീസ് അറിയിച്ചു.
നൂഹില് സംഘര്ഷം പൊട്ടിപ്പുറപ്പെട്ട ദിവസം പ്രകോപനമായ മുദ്രാവാക്യംമുഴക്കി വാളുകളും ത്രിശൂലങ്ങളുമായി എത്തിയ ബിട്ടു ബജ്റംഗിയെയും സംഘത്തെയും തടയാന് ശ്രമിച്ചപ്പോള് പൊലീസിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഗോരക്ഷാ ബജ്റംഗ് ഫോഴ്സ് എന്ന സംഘടനയുടെ പ്രസിഡന്റായ ബിട്ടു ബജ്റംഗി പൊലീസ് വാഹനങ്ങളില്നിന്നും ആയുധങ്ങള് തട്ടിയെടുത്തെന്നും അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഉഷാ കുന്ദുവിന്റെ പരാതിയിലുണ്ട്. നൂഹിലെ അക്രമവുമായി ബന്ധപ്പെട്ട് 60 കേസിലായി 305 പേരെ അറസ്റ്റ് ചെയ്തിരുന്നു.
മുസ്ലിങ്ങളെ ലക്ഷ്യമിട്ട് വിദ്വേഷ പോസ്റ്റർ
ഹരിയാനയിൽ കലാപം നടന്ന ഗുരുഗ്രാമിൽ മുസ്ലിം വിഭാഗക്കാരെ ലക്ഷ്യമിട്ട് വിദ്വേഷ പോസ്റ്റർ. മെഗാ സിറ്റി സെക്ടർ 69 എയിലെ ചേരി നിവാസികൾ രണ്ട് ദിവസത്തിനകം വീടൊഴിഞ്ഞ് പോകണമെന്നാണ് ഭീഷണി. അല്ലെങ്കിൽ മോശം പ്രത്യാഘാതം ഉണ്ടാകുമെന്നും പോസ്റ്ററിലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്ററുകൾ പുറത്തുവന്നശേഷം ഇവിടെ താമസിക്കുന്നവർ ഭീതിയിലാണ്. “ഞങ്ങൾക്ക് മക്കളെയോർത്ത് പേടിയാണ്. ഞാനും ഭർത്താവും ജോലിക്ക് പോകുമ്പോൾ കുട്ടികൾ വീട്ടിൽ തനിച്ചാണ്. എന്ത് സംഭവിക്കുമെന്നറിയില്ല’ പ്രദേശവാസി പ്രതികരിച്ചു.