പുതുപ്പള്ളി
ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊന്നകേസിലെ മുഖ്യപ്രതിയാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ന്യായീകരിക്കുന്ന നിഖിൽ പൈലി. ധീരജ് രാജേന്ദ്രനെ ഒറ്റക്കുത്തിന് കൊന്നത് നിഖിൽ പൈലിയെന്നാണ് എഫ്ഐആറും കുറ്റപത്രവും വ്യക്തമാക്കുന്നത്.
ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലി പോക്കറ്റിൽ കരുതിയ മടക്കുപിച്ചാത്തി ഉപയോഗിച്ച് ആദ്യം അഭിജിത്തിനെയും തുടർന്ന് ധീരജിനെയും കുത്തിയെന്നാണ് കുറ്റപത്രം. ധീരജിന്റെ ഇടതുനെഞ്ചിൽ മൂന്നു സെന്റീമീറ്റർ ആഴത്തിലുണ്ടായ മുറിവ് ഹൃദയധമനികളെ ഭേദിച്ചതാണ് മരണകാരണം. അഭിജിത്തിന്റെ നെഞ്ചിലും മൂന്നു സെന്റീമീറ്റർ ആഴത്തിൽ മുറിവേറ്റു. അമലിന്റെ കഴുത്തിൽ താക്കോൽ ഉപയോഗിച്ചാണ് പ്രതികൾ കുത്തിയത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഘംചേരൽ, കൊലപാതകം, വധശ്രമം, മർദനം, തെളിവ് നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
തനിക്കായി പ്രചാരണത്തിനിറങ്ങിയ നിഖിൽ പൈലി പ്രതിയായ കൊലക്കേസിൽ കുറ്റം തെളിഞ്ഞില്ലല്ലോ എന്നുപറഞ്ഞ് ന്യായീകരിക്കുന്ന ചാണ്ടി ഉമ്മൻ പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന കാര്യവും വിസ്മരിക്കുന്നു. പ്രതികളെ ‘സ്വന്തം കുട്ടികൾ’ എന്നും കൊല്ലപ്പെട്ട ധീരജിനെ ‘മരണം ഇരന്നുവാങ്ങിയവൻ’ എന്നുമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും കോൺഗ്രസും വിശേഷിപ്പിച്ചത്.