പുതുപ്പളളി
കുത്തക ടയർ കമ്പനികൾ റബർ കർഷകരെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ പിഴയായി കർഷകർക്ക് മടക്കി നൽകണമെന്ന കോമ്പറ്റീഷൻ കമീഷൻ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ് തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 622 കോടി രൂപയാണ് എംആർഎഫിന് പിഴയിട്ടത്. ഇവരടക്കം ടയർ കുത്തകകൾ കർഷകരെ വഞ്ചിച്ചതിന് പിഴ ഈടാക്കി കർഷകർക്ക് മടക്കിനൽകണമെന്ന് ഒരേ സ്വരത്തിൽ പറയണം. അതിനു കോൺഗ്രസ് തയ്യാറാണോയെന്ന്- മുഖ്യമന്ത്രി ചോദിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂരോപ്പടയിലും മീനടത്തും മണർകാട്ടും ചേർന്ന പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടയർകമ്പനികളെ നിയന്ത്രിക്കുന്ന കോമ്പറ്റീഷൻ കമീഷൻ കൊള്ളലാഭം കൊയ്യുന്നവയുടെ വഞ്ചന കണക്കുസഹിതമാണ് തുറന്നുകാട്ടിയത്. പ്രധാന ടയർ കമ്പനികൾ 1,788 കോടി പിഴയടയ്ക്കാനായിരുന്നു ഉത്തരവ്. അവർ അപ്പീലിനുപോയി. നാഷണൽ കമ്പനി ട്രിബൂണൽ ആ വിധി അസ്ഥിരപ്പെടുത്തി. എന്നാൽ കമീഷൻ സുപ്രീംകോടതിയെ സമീപിച്ചു.
നല്ല വരുമാനമുണ്ടായിരുന്ന റബർ മേഖലയെ തകർത്തത് കോൺഗ്രസ് കൊണ്ടുവന്ന ആസിയൻ കരാറാണ്. അരലക്ഷം കോടിയിലധികം വരുമാന നഷ്ടമാണ് റബർ മേഖലയ്ക്കുണ്ടായത്. കരാറിന്റെ നേട്ടം കുത്തക ടയർ കമ്പനികൾക്കു മാത്രമാണ്. കിലോയിൽ നൂറു രൂപയുടെ കുറവുവന്നപ്പോൾ പ്രതിവർഷം 7,000 കോടിയുടെ നഷ്ടമാണുണ്ടാകുന്നത്. അന്നേ ആസിയൻ കരാറിന്റെ ദോഷം എൽഡിഎഫ് പറഞ്ഞു. കരാർ ഒപ്പിട്ടത് തെറ്റാണെന്ന് കോൺഗ്രസും ഒപ്പമുള്ളവരും സമ്മതിക്കുമോ. തെറ്റുതിരുത്തി കരാർ റദ്ദുചെയ്യണമെന്ന് കേരളത്തിന് ഒന്നിച്ച് ആവശ്യപ്പെടാം. ഈ കരാർ നാണ്യവിളകളുടെ ഘാതകനാണെന്ന് എൽഡിഎഫ് മുന്നറിയിപ്പ് തന്നിരുന്നു.
ആസിയൻ കരാർമൂലം കുടുംബത്തിനും നാടിനുമുണ്ടായ നഷ്ടം മനസ്സിലാക്കണം. 22 ശതമാനത്തോളം റബർ കൃഷിയുണ്ടായിരുന്ന നാടാണിത്. 5,57,000 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനമെന്നും മുഖ്യമന്ത്രി പറഞ്ഞു.















