മുസഫർനഗർ (യുപി)
വർഗീയവിഷം മനസ്സിൽനിറച്ച അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ ആഞ്ഞടിച്ച കവിളത്ത് സുഭാഷിണി അലി സ്നേഹവായ്പ്പോടെ തടവിയപ്പോൾ ഏഴുവയസ്സുകാരൻ നിറഞ്ഞ മനസ്സോടെ ചിരിച്ചു. ഒപ്പമുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എംപിയും അവനെ ചേർത്തുപിടിച്ചു. കേരളത്തിന്റെ സ്നേഹസമ്മാനം ബ്രിട്ടാസ് കൈമാറിയപ്പോൾ ആ മുഖത്ത് കൗതുകം.
മകനുണ്ടായ ദുരനുഭവത്തിന്റെ ഞെട്ടലിൽനിന്ന് ഇനിയും മുക്തനാകാത്ത ഇർഷാദിന് ഇരുവരുടേയും സന്ദർശനം ആശ്വാസത്തോടൊപ്പം ആത്മവിശ്വാസവുമേകി. താങ്ങുംതണലുമായി ഒപ്പമുണ്ടാകുമെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ബ്രിട്ടാസ് ഇർഷാദിനെ അറിയിച്ചു. താൽപ്പര്യമെങ്കിൽ കേരളത്തിൽ സൗജന്യ പഠനമൊരുക്കാമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വാഗ്ദാനത്തെ കുറിച്ചുംപറഞ്ഞു. പിന്തുണയ്ക്ക് ഇർഷാദ് നന്ദി അറിയിച്ചു. കേരളത്തെ പോലെ മതസൗഹാർദ്ദത്തിന്റെ ഇടമായി ഉത്തർപ്രദേശ് കൂടി മാറിയിരുന്നെങ്കിൽ എന്ന ആഗ്രഹവും പങ്കുവച്ചു.
എട്ട് കിലോമീറ്റർ മാറി സ്വകാര്യസ്കൂളിൽ മകന് പ്രവേശനം ലഭിക്കുമെന്ന് ഇർഷാദ് പറഞ്ഞു. അടുത്തുള്ള സർക്കാർ സ്കൂളിൽ പ്രവേശനം നൽകാമെന്ന് അധികൃതർ അറിയിച്ചെങ്കിലും വേണ്ടെന്ന്വച്ചു. ഇവിടെ സർക്കാർ സ്കൂളുകളിൽ പഠനമൊക്കെ പേരിന് മാത്രമാണ്. അതുകൊണ്ടാണ് ബുദ്ധിമുട്ടിയാണെങ്കിലും സ്വകാര്യസ്കൂളിൽ പഠിപ്പിക്കുന്നത്. മൂന്ന് മക്കളിൽ രണ്ടാമൻ സാമ്പത്തികബുദ്ധിമുട്ട് കാരണം പഠനം നിർത്തി. പതിനാറുകാരനായ അവൻ ജ്യേഷ്ഠനൊപ്പം പഞ്ചാബിൽ കൂലിപ്പണിക്ക് പോയിരിക്കുകയാണ്. പഠനം പുനരാരംഭിക്കണമെന്ന വലിയമോഹം അവനുണ്ട്. കരിമ്പ് കൃഷിയിൽനിന്നുള്ള ചെറിയ വരുമാനം ഒന്നിനുമാകില്ല–- ഇർഷാദ് പറഞ്ഞു.
രണ്ട് മക്കളുടെയും തുടർപഠനത്തിന്റെ ചെലവ് സിപിഐ എം ഏറ്റെടുക്കാമെന്ന് സുഭാഷിണി അലി അറിയിച്ചു. പ്രാഥമിക സഹായമായി ഇരുപതിനായിരം രൂപ കൈമാറി. സുഭാഷിണി അലിയും ജോൺ ബ്രിട്ടാസും മടങ്ങുമ്പോൾ ആ ഏഴുവയസ്സുകാരൻ സമ്മാനപ്പൊതി ചേർത്തുപിടിച്ച് ചിരിയോടെ കൈവീശി.















