തിരുവനന്തപുരം > ഐഎസ്ആർഒയുടെ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 ശനിയാഴ്ച ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിക്കും. സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽനിന്ന് പകൽ 11.50ന് പിഎസ്എൽവി സി 57 റോക്കറ്റിൽ പേടകം കുതിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ പൂർത്തിയായി. കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിക്കും.
ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റിൽനിന്നാണ് പേടകം സൂര്യനെ പഠിക്കുക. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലാഗ്രാഞ്ച് പോയിന്റ്. മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയിൽ എത്തുക. ഏഴ് പരീക്ഷണ ഉപകരണമാണ് ആദിത്യയിലുള്ളത്. സൗരവാതങ്ങൾ, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം.















