ന്യൂഡല്ഹി> 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില് എന്ഡിഎയുമായോ ഇന്ത്യ മുന്നണിയുമായോ സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. . ഇരു സഖ്യങ്ങളും ജാതീയ, വര്ഗീയ, മൂലധന നയങ്ങളില് ബഹുജന് സമാജ്വാദി പാര്ട്ടിക്ക് ചേരാത്ത നയം പുലര്ത്തുന്നവരാണെന്ന് മായാവതി വ്യക്തമാക്കുന്നു.
ബിഎസ്പി തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. എന്ഡിഎയുമായി സഖ്യമെന്ന ആശയം പോലും ഉദിക്കുന്നില്ലെന്നും മായാവതി ‘എക്സി’ല് കുറിച്ചു. സമൂഹത്തിലെ അവഗണിക്കപ്പെട്ടവരും ചിതറിക്കിടക്കുന്നവരുമായ ജനങ്ങളെ ഒന്നിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അവര്
വ്യക്തമാക്കി.
ഗ്രാമങ്ങളില് വ്യാപകമായ പ്രചരണ പരിപാടികള് സംഘടിപ്പിച്ച് ആളുകളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാനും മായാവതി ബിഎസ്പി നേതാക്കളോട് ആഹ്വാനം ചെയ്തു. 2007 ലേത് പോലെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിഎസ്പി മല്സരിക്കും.
ഉത്തര്പ്രദേശില് നിന്ന് 10 എംപിമാരാണ് ബിഎസ്പിക്കുള്ളത്. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് നിന്ന് എംഎല്എമാരും ബിഎസ്പിക്കുണ്ട്. കഴിഞ്ഞ ലോക്സഭാ, യുപി നിയമസഭാ തിരഞ്ഞെടുപ്പുകളില് സമാജ്വാദി പാര്ട്ടിയുമായും കോണ്ഗ്രസുമായും മായാവതി സഖ്യമുണ്ടാക്കിയിരുന്നു.