ഇംഫാൽ> സമാധാന ശ്രമങ്ങൾക്കിടയിൽ മണിപ്പുരിൽ വീണ്ടും വെടിവെയ്പ്പ്. കർഷകർക്കു നേരെയുള്ള വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ ഏരിയയിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വിവിധയിടങ്ങളിൽ നിന്നായി നാല് പേരെ അറസ്റ്റ് ചെയ്തെന്നാണ് സൂചന. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് സൈന്യത്തെയും അർദ്ധസൈനിക വിഭാഗത്തെയും സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.
അതേസമയം സംഘർഷങ്ങൾക്കിടെ ചെവ്വാഴ്ച മണിപ്പുരിൽ നിയമസഭാ സമ്മേളനം ചേർന്നെങ്കിലും അക്രമത്തെ ചൊല്ലിയുള്ള ബഹളത്തെത്തുടർന്ന് സഭ ആരംഭിച്ചയുടൻ തന്നെ നിർത്തിവച്ചു. നൂറുകണക്കിന് ആളുകളുടെ കൊലപാതകങ്ങൾക്ക് ഇടയാക്കിയ കലാപത്തിന് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനമാണ് നടന്നത്. നാലു മാസത്തോളമായി തുടരുന്ന അക്രമം ചർച്ച ചെയ്യുക എന്നുള്ളതായിരുന്നു നിയമസഭ സമ്മേളനത്തിന്റെ പ്രധാന അജണ്ട. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ബജറ്റ് സമ്മേളനത്തിനായിട്ടാണ് മണിപ്പൂർ നിയമസഭ അവസാനമായി ചേർന്നത്.