തിരുവനന്തപുരം> മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് സ്പെഷ്യൽ കിറ്റുകൾ തയ്യാറാക്കി നൽകിയതായുള്ള ചില മാധ്യമങ്ങളുടെ ആക്ഷേപം ശരിയല്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോയുടെ ശബരി ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങളുടെ പായ്ക്കിങ് കവറുകൾ പുതിയ നിറത്തിൽ പുതിയ എംബ്ലം ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത് ഓണക്കാലത്ത് പുറത്തിറക്കിയിരുന്നു. ഇവ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്ക് എത്തിച്ചതാകാമെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾ അവരുടെ ഉൽപ്പന്നങ്ങൾ ജനപ്രതിനിധികൾക്ക് കാലാകാലങ്ങളിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ട്. ഇതിനെയാണ് മഞ്ഞ കാർഡുകാർക്ക് നൽകുന്ന സൗജന്യ ഓണക്കിറ്റിനോട് ചില മാധ്യമങ്ങൾ ഉപമിച്ചത്. മന്ത്രിമാർക്കോ, മറ്റ് ജനപ്രതിനിധികൾക്കോ സൗജന്യ ഓണക്കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.