ചെന്നൈ> മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കാർഷികോത്സവമെന്ന നിലയ്ക്ക് മാത്രമല്ല ചതിയിലൂടെ വീഴ്ത്തപ്പെട്ട ദ്രാവിഡ രാജാവായ മാവേലിയെ പ്രതീകാത്മകമായി കേരളീയർ സ്നേഹാദരങ്ങളോടെ വരവേൽക്കുന്ന ഉത്സവം കൂടിയാണ് ഓണമെന്നും ദ്രാവിഡഭാഷ കുടുംബത്തിലെ കൂടപ്പിറപ്പുകളായ കേരളീയർക്ക് ഓണാശംസകൾ നേരുന്നെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
“ദ്രാവിഡ സംസ്കാരവുമായി അഭേദ്യമായ ബന്ധമുള്ള തിരുവോണത്തിന്റെ ശോഭമങ്ങുന്ന രീതിയിൽ ഒരു വിഭാഗക്കാർ വാമനജയന്തിയുമായി മുന്നിട്ടിറങ്ങിയിരുന്നു. കേരളീയർ ഇത്തരം കുത്തിത്തിരിപ്പുഖളെ അവഗണിക്കുക തന്നെ ചെയ്യും. ജനങ്ങളെ ഭിന്നിപ്പിച്ച് അതിൽ നിന്നും ആദായമെടുക്കാൻ ശ്രമിക്കുന്ന സ്വാർത്ഥരെ വീഴ്ത്തുന്ന ഓണമായി ഈ ഓണാഘോഷം മാറണം. അതിനുള്ള ജാഗ്രത ജനങ്ങളിൽ രൂപപ്പെടുന്നുണ്ട്. സമത്വവും സാഹോദര്യവും വളർച്ചയും നിറഞ്ഞ ഇന്ത്യയെ പുനഃസ്ഥാപിക്കുമെന്ന പ്രതിജ്ഞയെടുക്കാനുള്ള അവസരമായി ഈ ഓണാഘോഷം മാറട്ടെ. തെക്കെ ഇന്ത്യൻ ജനത പ്രകടിപ്പിക്കുന്ന പുരോഗമനാശയ രാഷ്ട്രീയത്തോട് എല്ലാ ഇന്ത്യക്കാരും എത്തിച്ചേരുന്ന വർഷമായി നമ്മുടെ മുന്നിലുള്ള വർഷം പരിണാമപ്പെടട്ടെ”- എന്നും അദ്ദേഹം പറഞ്ഞു.
തിരുവോണത്തിന് തമിഴ്നാട്ടിൽ മലയാള ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള കന്യാകുമാരി, കോയമ്പത്തൂർ, നീലഗിരി ജില്ലകൾക്ക് 2006ലും തലസ്ഥാനമായ ചെന്നൈക്ക് 2007ലും ഡിഎംകെ ഭരണക്കാലത്ത് കലൈഞ്ജർ എം കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അവധി പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു.