ന്യൂഡൽഹി
ഡൽഹി സർവകലാശാലയിൽ കേരള ഹയർ സെക്കൻഡറി പരീക്ഷാ ബോർഡിലെ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്ന നടപടി തിരുത്തണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ (സിയുഇടി) വിജയകരമായി പൂർത്തിയാക്കി ഡൽഹി സർവകലാശാലയിലെ കോളേജുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഔദ്യോഗിക വെബ്സൈറ്റിലെ പട്ടികയിൽ ‘കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ’ എന്ന ഓപ്ഷൻ ഉണ്ടായിരുന്നു. എന്നാൽ, ‘കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷന്’ ഡൽഹി സർവകലാശാലയുടെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയാണ്. ഉന്നത വിദ്യാഭ്യാസത്തിനും തുല്യതയ്ക്കുള്ള ഭരണഘടനാപരമായ അവകാശവും ലംഘിക്കപ്പെടുകയാണ്.
കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ അവകാശങ്ങളും അവസരങ്ങളും സംരക്ഷിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് എംപി കത്ത് നൽകി.















