മക്കിമല(വയനാട്)
വീടുകൾ അനാഥം. അമ്മമാർ യാത്രയായി. അപകടം നുള്ളിയെടുത്ത ഒമ്പത് അമ്മമാർ മരണത്തിന്റെ മടിയിലും ഒരുമിച്ചുകിടന്നു. വയനാട് തവിഞ്ഞാൽ കണ്ണോത്ത്മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച തോട്ടം തൊഴിലാളികൾക്ക് നാട് തകർന്ന ചങ്കുമായി വിടചൊല്ലി. മക്കിമല ഒരു മരണവീടായി. അന്ത്യനിദ്രയിലും അവർ ഒന്നിച്ചായിരുന്നു. മൃതദേഹങ്ങൾ പൊതുദർശനത്തിനുവച്ച മക്കിമല ഗവ. എൽപി സ്കൂൾ മുറ്റം സങ്കടക്കടലായി.
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഒമ്പതുപേരുടെയും മൃതദേഹങ്ങൾ വഹിച്ച ആംബുലൻസുകൾ ശനി പകൽ ഒന്നോടെ ഒരുമിച്ച് കുന്നുകയറി മക്കിമലയിലെ സ്കൂൾ മുറ്റത്തേക്കെത്തി. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മൃതദേഹങ്ങൾ ഓരോന്നായി കിടത്തി. കൂടിനിന്ന ആയിരങ്ങളുടെ മിഴികളിൽ കണ്ണുനീർ നിറഞ്ഞു. തൊണ്ടകളിൽ സങ്കടം വീർപ്പുമുട്ടി. ആർക്കും ആരെയും ആശ്വസിപ്പിക്കാനായില്ല.
മന്ത്രി എ കെ ശശീന്ദ്രനും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുൾപ്പെടെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. പകൽ മൂന്നുവരെ പൊതുദർശനം നീണ്ടു. പിന്നീട് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി. ചടങ്ങുകൾക്കുശേഷം സംസ്കരിച്ചു.
ശോഭന, ഷാജ, കാർത്യായനി, ലീല എന്നിവർക്ക് വീട്ടുവളപ്പുകളിൽ ചിതയൊരുക്കി. ശാന്തയുടെയും മകൾ ചിത്രയുടെയും മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. റാബിയയുടെ മൃതദേഹം മക്കിമല ഹിദായത്തുൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ചിന്നമ്മയുടെ മൃതദേഹം അവരുടെ ആഗ്രഹപ്രകാരം കാട്ടിക്കുളം ശാന്തികവാടത്തിൽ സംസ്കരിച്ചു. റാണിയുടെ സംസ്കാരം കാപ്പാട്ടുമലയിലെ വീട്ടുവളപ്പിലായിരുന്നു.















