പുതുപ്പള്ളി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താരപ്രചാരക പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ കടുത്ത അതൃപ്തിയുമായി കെ മുരളീധരൻ എംപി. കെപിസിസി പ്രചാരണ കമ്മിറ്റി ചെയർമാനായിട്ടും തന്നെ അവഗണിച്ചത് കടുത്ത അവഹേളനമായാണ് മുരളീധരനും അനുകൂലികളും കരുതുന്നത്. മുരളീധരനെ തഴഞ്ഞ നേതൃത്വം റോജി എം ജോണിനെപ്പൊലുള്ള ജൂനിയർ നേതാക്കളെ താരപ്രചാരക പട്ടികയിൽ ഉൾപ്പെടുത്തിയതും അപമാനഭാരമേറ്റി. കേരളത്തിൽ കോൺഗ്രസിന്റെ 15 ലോക്സഭാംഗങ്ങളിൽ 12 പേരും താരപ്രചാരകരുടെ പട്ടികയിൽ ഇടംപിടിച്ചപ്പോഴാണ് മുരളീധരനെ ഒഴിവാക്കിയത്. പരിഭവം വിടാതെതന്നെ പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നാണ് മുരളീധരൻ പറയുന്നത്.
ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിച്ചിട്ടും പട്ടിക തിരുത്താത്തതിലും മുരളീധരന് അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിന്മാറുന്നുവെന്ന സൂചനയും മുരളീധരൻ നൽകി. ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നും നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന് പിന്നീട് അറിയിക്കാമെന്നും കഴിഞ്ഞദിവസം പറഞ്ഞത് അവഗണനയിൽ മനംനൊന്താണ്.
കരുണാകരൻ സ്മാരക നിർമാണത്തിന് സമയം വേണമെന്നതിനാലാണ് വിട്ടുനിൽക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച 37 താരപ്രചാരകരുടെ പട്ടികയിൽ ശശി തരൂരുമില്ല. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിർപ്പു മറികടന്ന് കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഇടംപിടിച്ചതിന് പിന്നാലെയാണ് തരൂരും പുതുപ്പള്ളിയിൽ തഴയപ്പെട്ടത്. വർഷങ്ങളായി ക്ഷണിതാവായി തുടരുന്ന രമേശ് ചെന്നിത്തലയും കടുത്ത നിരാശയിലാണ്. ചെന്നിത്തലയെ അനുനയിപ്പിച്ച് പുതുപ്പള്ളിയിൽ എത്തിച്ചെങ്കിലും പരിഭവം തുടരുകയാണ്.
മുരളീധരനെ ഒഴിവാക്കി എന്ന് പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ശത്രുക്കളാണെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് യുഡിഎഫ് കൺവീനർ എം എം ഹസന്റെ പ്രതികരണം.