തൃശൂർ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ ഉയർത്താൻ കരുതിവച്ച ആയുധങ്ങളെല്ലാം നിവീര്യമായതോടെ കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേട് പൊടിതട്ടിയെടുത്ത് മാധ്യമങ്ങളും പ്രതിപക്ഷവും.
പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം പൂർത്തിയാക്കിയ കേസിൽ പുതിയതെന്തോ ഉണ്ടെന്നമട്ടിലാണ് ആഘോഷിക്കുന്നത്. മനോരമ ശനിയാഴ്ച മുഖപ്രസംഗവുമെഴുതി. പഴയതിന്റെ ആവർത്തനം. കരുവന്നൂർ ബാങ്കിൽ ചില ക്രമക്കേട് നടന്നതായി ആദ്യം കണ്ടെത്തിയത് സിപിഐ എം ആണ്. അതിനുശേഷമാണ് മാധ്യമങ്ങൾ ഏറ്റെടുത്തത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ കഥകൾ തേടുന്ന യുഡിഎഫിനും ബിജെപിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജം നൽകാൻ ശ്രമിക്കുകയാണ്. കേസിൽ ഒരുതരത്തിലും ഇടപെടാത്ത, പ്രതിയല്ലാത്ത സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിb vനെ മാധ്യമങ്ങൾ ആഘോഷിച്ചു. സഹകരണ മന്ത്രിയായിരുന്നപ്പോഴോ അതിനുശേഷം എംഎൽഎയായിരിക്കുമ്പോഴോ ഇടപെട്ടതായി ഇഡിയും വ്യക്തമായി പറയുന്നില്ല. റെയ്ഡിനെത്തുടർന്ന് ഇഡി പുറത്തിറക്കിയ വാർത്താകുറിപ്പ് വിചിത്രമായിരുന്നു. അന്വേഷിച്ചുകണ്ടെത്തിയ തെളിവുകൾ, വസ്തുതകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സാധാരണ ഇഡി വാർത്താകുറിപ്പ് ഇറക്കുക. എന്നാൽ മൊയ്തീന്റെ വീട്ടിലെ റെയ്ഡിനെത്തുടർന്നുള്ള വാർത്താകുറിപ്പിൽ കരുവന്നൂർ വായ്പാ ക്രമക്കേടിൽ ഒരു രാഷ്ട്രീയ പാർടിക്ക് പങ്കുണ്ടെന്ന ആരോപണമാണ് ഇഡി ഉയർത്തുന്നത്.
സിപിഐ എമ്മിനെ പുകമറയിൽ നിർത്താനുള്ള ശ്രമം കേന്ദ്ര അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. എ സി മൊയ്തീന്റെ വീട്ടിൽനിന്ന് എന്താണ് കണ്ടെടുത്തത് എന്ന് ഇഡി പറയുന്നുമില്ല.















