ന്യൂഡൽഹി > എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരം (പിഎംഎൽഎ) രജിസ്റ്റർ ചെയ്ത 5,906 കേസുകളിൽ തീർപ്പാക്കിയത് വെറും 25 കേസുകൾ. മൊത്തം കേസുകളുടെ വെറും 0.42 ശതമാനം മാത്രമാണ് 17 വർഷത്തിനിടെ ഇഡി തീർപ്പാക്കിയത്.
രാഷ്ട്രീയഎതിരാളികളെ വേട്ടയാടാൻ മോദിസർക്കാരിന്റെ പ്രധാന ആയുധമാക്കിയിട്ടുള്ള അന്വേഷണഏജൻസിയുടെ കഴിവില്ലായ്മയ്ക്ക് നേരെ വിരൽ ചൂണ്ടുന്നതാണ് ഈ കണക്ക്. പ്രതിപക്ഷപാർടി നേതാക്കളെ തെരഞ്ഞുപിടിച്ച് കേസെടുക്കുകയും റെയ്ഡ് നടത്തുകയും ആരോപണങ്ങൾ ഉന്നയിക്കുകയും മാത്രമാണ് മോദി സർക്കാരിന് കീഴിൽ ഇഡിയുടെ ജോലി.
5,906 കേസുകളിൽ 176 കേസുകളിൽ മാത്രമാണ് സിറ്റിങ്ങ് എംഎൽഎ, എംപി, എംഎൽസി ഉൾപ്പെട്ടിട്ടുള്ളതെന്ന് ഇഡി പറയുന്നു. എന്നാൽ, ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് പ്രകാരം 2014ന് ശേഷം ഇഡി രാഷ്ട്രീയനേതാക്കൾക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ നാലുമടങ്ങ് വർദ്ധനവുണ്ടായി. 2014ന് ശേഷം 121 രാഷ്ട്രീയനേതാക്കൾക്ക് എതിരെ ഇഡി അന്വേഷണം നടത്തിയിട്ടുണ്ട്. അതിൽ 115 പേരും പ്രതിപക്ഷപാർടികളുടെ നേതാക്കളാണ്. അതായത്, ഇഡി വലയിലാക്കാൻ നോക്കിയ 95 ശതമാനം രാഷ്ട്രീയനേതാക്കളും പ്രതിപക്ഷപാർടികളുടെ പ്രതിനിധികളാണ്.
യുപിഎ സർക്കാർ 2004 മുതൽ 2014 വരെ ഭരിച്ചിരുന്നപ്പോൾ 26 നേതാക്കൾക്ക് എതിരെ മാത്രമാണ് ഇഡി അന്വേഷണം നടത്തിയിട്ടുള്ളത്. ഇതിൽ 14 പേർ (54ശതമാനം) പ്രതിപക്ഷത്ത് നിന്നുള്ളവരായിരുന്നു. 2005ൽ നിലവിൽ വന്ന പുതിയ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) നിയമമാണ് ഇഡിക്ക് വിശാലമായ അധികാരങ്ങൾ പതിച്ചുനൽകിയത്. ഈ നിയമത്തിലൂടെ ജാമ്യവ്യവസ്ഥകൾ കർശനമായി. അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള കൂടുതൽ അധികാരങ്ങൾ ലഭിച്ചു.
അന്വേഷണഉദ്യോഗസ്ഥർക്ക് മുന്നിൽ കൊടുക്കുന്ന മൊഴികൾ കോടതികളിൽ സമർപ്പിക്കാവുന്ന തെളിവായി. ഇഡിയുടെ രാഷ്ട്രീയവേട്ട പ്രതിപക്ഷ പാർടികൾ പലപ്രാവശ്യം പാർലമെന്റിൽ ഉന്നയിച്ചിട്ടുള്ളതാണ്. അതോടൊപ്പം, സുപ്രീംകോടതിയിലും ഇഡിയുടെ അധികാരങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ, 2022 ജൂലൈയിൽ സുപ്രീംകോടതി ഇഡിയുടെ വിശാലമായ അധികാരങ്ങൾ ശരിവെച്ചു. ചട്ടങ്ങൾ മറികടന്ന് മോദിസർക്കാരിന്റെ ഇഷ്ടക്കാരനായ എസ് കെ മിശ്രയ്ക്ക് ഇഡി മേധാവിയായി പലപ്രാവശ്യം കാലാവധി നീട്ടി നൽകിയ നടപടിയും വിവാദമായിരുന്നു.