മുസഫർനഗർ > ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ അധ്യാപികക്കെതിരെ കേസെടുത്തു. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സഹപാഠികള്‍ ഒരു മണിക്കൂറോളം വിദ്യാര്‍ത്ഥിയെ തല്ലിയതായി പിതാവ് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. മുസാഫർനഗർ ഖുബ്ബാപൂർ നേഹ പബ്ലിക് സ്കൂളിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ക്ലാസിൽ അധ്യാപികയുടെ സമീപം നിർത്തിയ വിദ്യാർഥിയെ നിലത്തിരിക്കുന്ന വിദ്യാർഥികളിൽ ഓരോരുത്തരായി എഴുന്നേറ്റുവന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. അടികിട്ടിയ കുട്ടി കരയുന്നതും ദൃശ്യങ്ങളിൽ കാണാം. ‘ഞാൻ എല്ലാ മുഹമ്മദൻസ് (മുസ്ലിം) കുട്ടികളെയും അടിക്കുന്നു’വെന്ന് അധ്യാപിക പറയുന്നുണ്ട്. കുട്ടികൾ അടിക്കുമ്പോൾ ഇവർ പൊട്ടിച്ചിരിക്കുന്നതും ശക്തമായി അടിക്കാത്തതിന് ചീത്ത പറയുന്നതും കാണാം.