മുസഫർനഗർ > ഉത്തർപ്രദേശിൽ ക്ലാസ് മുറിയിൽ അധ്യാപിക ഇതരമതത്തിലുള്ള വിദ്യാർഥികളെകൊണ്ട് മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ചു. മുസാഫർനഗർ ഖുബ്ബാപൂർ നേഹ പബ്ലിക് സ്കൂളിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ലാസിൽ അധ്യാപികയുടെ സമീപം നിർത്തിയ വിദ്യാർഥിയെ നിലത്തിരിക്കുന്ന വിദ്യാർഥികളിൽ ഓരോരുത്തരായി എഴുന്നേറ്റുവന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. അടികിട്ടിയ കുട്ടി കരയുന്നതും ദൃശ്യങ്ങളിൽ കാണാം. ‘ഞാൻ എല്ലാ മുഹമ്മദൻസ് (മുസ്ലിം) കുട്ടികളെയും അടിക്കുന്നു’വെന്ന് അധ്യാപിക പറയുന്നുണ്ട്. കുട്ടികൾ അടിക്കുമ്പോൾ ഇവർ പൊട്ടിച്ചിരിക്കുന്നതും ശക്തമായി അടിക്കാത്തതിന് ചീത്ത പറയുന്നതും കാണാം. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുസഫർ നഗർ പൊലീസ് അറിയിച്ചു.















