വാഷിങ്ടൺ
ലോകപ്രശസ്ത ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രജ്ഞൻ ഡോ. സി ആർ റാവുവിന് (102)അന്ത്യാഞ്ജലിയര്പ്പിച്ച് രാജ്യം. സ്റ്റാറ്റിസ്റ്റിക്സിലെ നൊബേൽ എന്നറിയപ്പെടുന്ന സ്റ്റാറ്റിസ്റ്റിക്സ് ഇന്റർനാഷണൽ അവാർഡ് ഈ വർഷം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ ഇതിഹാസമെന്ന് അറിയപ്പെട്ട അദ്ദേഹം അമേരിക്കയിലെ പിറ്റ്സ്ബർഗ്, പെൻസിൻവാലിയ സർവകലാശാലകളിൽ അധ്യാപകനായിരുന്നു.
സ്ഥിതിവിവരക്കണക്കുകളുടെ അളവുകോലുകൾ സജ്ജമാക്കല്, അവയുടെ കൃത്യത ഉറപ്പാക്കല് എന്നിവയിൽ റാവുവിന്റെ ഗവേഷണങ്ങൾ നിര്ണായകമായി. ആധുനിക ഡാറ്റാ സയൻസിന്റെ മുന്നേറ്റത്തില് സി ആർ റാവുവിന്റെ സിദ്ധാന്തങ്ങള് വഴിവിളക്കാണെന്ന് ഈ മേഖലയിലെ വിദഗ്ധര് അനുശോചന സന്ദേശത്തില് കുറിച്ചു. 1945ൽ തന്റെ 25–-ാം വയസ്സിൽ ബുള്ളറ്റിൻ ഓഫ് ദ കൊൽക്കത്ത മാത്തമാറ്റിക്കൽ സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ നേടുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ റാവു ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1968-ൽ പത്മഭൂഷൺ പുരസ്കാരവും 2001-ൽ പത്മവിഭൂഷൺ പുരസ്കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
സ്ഥിതിവിവരങ്ങളുടെ “റാവു എഫക്ട്’
സ്ഥിതിവിവര ശാസ്ത്രത്തിന് വഴിത്തിരിവായ ഒട്ടേറെ സംഭാവന നൽകിയ പ്രതിഭയാണ് സി ആർ റാവു. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ പി സി മഹലനോബിസ്, ആധുനിക സ്ഥിതിവിവര ശാസ്ത്രത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന റൊണാൾഡ് എ ഫിഷർ എന്നിവരുടെ ഗവേഷണമേഖലകൾക്ക് പുതിയ മാനങ്ങൾ നൽകുകയും അവ ആധുനിക ഗവേഷണങ്ങളുടെ അടിത്തറയാക്കി മാറ്റുകയും ചെയ്തിടത്താണ് റാവുവിന്റെ പ്രസക്തി. ഖനനം ചെയ്തെടുത്ത ശരീരാവശിഷ്ടങ്ങളുടെ അളവുകളും അനുപാതവും ശാസ്ത്രീയമായി അപഗ്രഥിച്ച് കാലഗണന നടത്തുന്നതിനിടെയാണ് മഹലനോബിസ് ഡിസ്റ്റൻസ് എന്ന സ്റ്റാറ്റിസ്റ്റിക്കൽ സൂചകത്തിന്റെ സൂത്രവാക്യം രൂപപ്പെടുന്നത്. ബിരുദാനന്തര ബിരുദത്തിന്റെ തീസിസായി റാവു സമർപ്പിച്ചത് മഹലാനോബിസ് ഡിസ്റ്റൻസിന്റെ കുറെക്കൂടി കൃത്യതയുള്ള പരിശോധനാ സങ്കേതമായിരുന്നു.
1948ൽ ‘ജീവശാസ്ത്രപരമായ വർഗീകരണങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കൽ പ്രശ്നങ്ങൾ’ എന്ന പ്രബന്ധത്തിന് കേംബ്രിജ് സർവകലാശാല പിഎച്ച്ഡി നൽകി. ഇന്ത്യയിൽ തിരിച്ചെത്തിയ റാവു 28–-ാം വയസ്സിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസർ പദവിയിലെത്തി. 72ൽ അദ്ദേഹം ഐഎസ്ഐ ഡയറക്ടറായി. ‘കംപ്യൂട്ടേഴ്സ് ആൻഡ് ഫ്യൂച്ചർ സൊസൈറ്റി ഓഫ് ഇന്ത്യ’ എന്ന പുസ്തകം ശ്രദ്ധേയം. 79ൽ അമേരിക്കയിലെ പിറ്റ്സ് ബർഗ് യൂണിവേഴ്സിറ്റി നൽകിയ പ്രൊഫസർ പദവി സ്വീകരിക്കാൻ അദ്ദേഹം ഐഎസ്ഐ വിട്ടു.
ഗണിതശാസ്ത്രത്തിലെ ജ്യാമിതീയ സങ്കേതങ്ങൾ വിവരാപഗ്രഥനത്തിന് ഉപയോഗിക്കുന്ന ഇൻഫർമേഷൻ ജ്യോമട്രിയുടെ വികാസത്തിലും റാവുവിന്റെ സിദ്ധാന്തങ്ങൾക്ക് പങ്കുണ്ട്. ‘റാവു സ്കോർ ടെസ്റ്റ്’ സ്റ്റാറ്റിസ്റ്റിക്സുകാർക്ക് ഏറെ പരിചിതമാണ്.