കോഴിക്കോട്
എൻഐടിയിലെ അനധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയിൽ നടന്നത് വിഎസ്എസ്സി മോഡൽ തട്ടിപ്പെന്ന് ഉദ്യോഗാർഥികൾ. കഴിഞ്ഞ മാസം നടന്ന പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തുനൽകി. കഴിഞ്ഞ 10 മുതൽ 13 വരെയാണ് ചാത്തമംഗലത്തെ എൻഐടി ക്യാമ്പസിലെ അനധ്യാപക ജീവനക്കാരുടെ സ്ഥിരനിയമനത്തിന് ഒന്നാംഘട്ട പരീക്ഷ നടന്നത്. ഹരിയാന സ്വദേശികളായ രണ്ടുപേരാണ് ഹൈടെക് കോപ്പിയടിക്ക് അറസ്റ്റിലായത്. ഇയർ ബഡുകൾ, വായക്ക് അകത്ത് ഉപയോഗിക്കാവുന്ന മൈക്ക് എന്നിവയും പിടികൂടിയിരുന്നു. പരീക്ഷാ സമയത്ത് ഇവർ ഡൽഹിയിലേക്ക് ഫോൺ വിളിച്ചതായും കണ്ടെത്തി.
കഴിഞ്ഞ ദിവസം വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്കുളള നിയമനത്തിൽ സമാന രീതിയിൽ തട്ടിപ്പ് നടന്നതോടെയാണ് എൻഐടി പരീക്ഷയും സംശയത്തിന്റെ നിഴലിലായത്. അധികൃതരുടെ ഭാഗത്തുനിന്ന് പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഒരു തയ്യാറെടുപ്പുമില്ലാതെയാണ് പരീക്ഷ നടത്തിയത്. ക്ലാസ് മുറിയിൽ കൊള്ളാവുന്നതിലധികംപേരെ ഇരുത്തി കാര്യമായ പരിശോധനകളൊന്നുമില്ലാതെയാണ് പരീക്ഷ എഴുതിച്ചത്. രണ്ടുപേർ പിടിക്കപ്പെട്ടെങ്കിലും കൂടുതൽ പേർ ഉൾപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. രണ്ടാംഘട്ട പരീക്ഷ പൂർത്തിയായതിനാൽ റദ്ദാക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ.