തിരുവനന്തപുരം > അറുപതു വയസ് മുതലുള്ള പട്ടിക വർഗവിഭാഗക്കാർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണസമ്മാനം വിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി.
വിതുര മണിതൂക്കി ഊരിലെ കുന്നും പുറത്ത് പരപ്പിയമ്മ, മാത്തി,കല്ലണയിലെ ഊരുമൂപ്പൻ രാജേന്ദ്രൻ കാണി എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. 55,781 പേർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ പട്ടികവർഗ വികസന അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, ജോയിന്റ് ഡയറക്ടർ മുരളി എം നായർ എന്നിവരും പങ്കെടുത്തു.















