ലഖ്നൗ > കവയിത്രി മധുമിത ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ യുപി മുൻമന്ത്രി അമര്മണി ത്രിപാഠിയും ഭാര്യയും ജയിൽമോചിതരാകുന്നു. ത്രിപാഠിയെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. കൂട്ടുപ്രതിയായ ഭാര്യ മധുമണി ത്രിപാഠിയും ജയിൽമോചിതയാകും. 17 വർഷത്തോളമായി ഇവർ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും നല്ല സ്വഭാവം കണക്കിലെടുത്താണ് ഇപ്പോൾ പ്രതികളെ മോചിപ്പിക്കുന്നതെന്നുമാണ് ഉത്തർപ്രദേശ് സർക്കാരിന്റെ വാദം.
സർക്കാരിന്റെ നടപടിയി ഞെട്ടിച്ചുവെന്ന് മധുമിതയുടെ സഹോദരി നിധി ശുക്ല പറഞ്ഞു. സഹോദരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിയമ നടപടികളിൽ കോടതിയലക്ഷ്യം ആരോപിച്ച് നിധി ശുക്ല സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ മോചന ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹര്ജിയില് സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികള്ക്ക് നോട്ടീസ് അയച്ചു. 2003-ലാണ് കവയിത്രിയായിരുന്ന മധുമിത(24) കൊല്ലപ്പെടുന്നത്. വെടിയേറ്റായിരുന്നു മരണം. മരിക്കുന്ന സമയത്ത് ഇവര് ഏഴുമാസം ഗര്ഭിണിയായിരുന്നു. അമര്മണിയും മധുമിതയും തമ്മില് അടുപ്പത്തിലായിരുന്നെന്ന് അന്വേഷണത്തില് തെളിഞ്ഞിരുന്നു. ഈ ബന്ധത്തെ തുടര്ന്ന് മധുമിത ഗര്ഭിണിയാവുകയതായും സിബിഐ കണ്ടെത്തിയിരുന്നു. അമർമണി ആദ്യം കുറ്റം നിഷേധിച്ചിരുന്നെങ്കിലും ഡിഎൻഎ പരിശോധനയിൽ അമർമണി കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. ഗൂഢാലോചനയും കൊലപാതകക്കുറ്റവുമായിരുന്നു അമര്മണിയ്ക്കും ഭാര്യയ്ക്കുമെതിരേ ചുമത്തിയിരുന്നത്. 2007-ല് കോടതി പ്രതികള്ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.















