കൊൽക്കത്ത > ബംഗാളിലെ ദുപ്ഗുരി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം. 2021 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ജയിച്ച മണ്ഡലമാണിത്. എംഎൽഎയായിരുന്ന ബിഷ്ണുപദ റോയ് മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഇടതുമുന്നണിയിൽനിന്ന് സിപിഐ എമ്മിന്റെ ഈശ്വർചന്ദ്ര റോയിയാണ് സ്ഥാനാർഥി. ബിജെപിക്കായി താപസി റോയിയും തൃണമൂലിനായി നിർമൽചന്ദ്ര റോയിയുമാണ് സ്ഥാനാർഥികൾ. അധ്യാപകനും നാടോടി ഗായകനുമായ സിപിഐ എം സ്ഥാനാർഥി ഈശ്വർചന്ദ്ര റോയിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ സാദർദിഘി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി ജയിച്ചിരുന്നു. എന്നാൽ എംഎൽഎയായ ശേഷം ബയ്റോൺ ബിശ്വാസ് മെയിൽ തൃണമൂലിലേക്ക് ചേക്കേറിയത് കോൺഗ്രസിന് കടുത്ത ക്ഷീണമായി. നിയമസഭയിലെ ഏക സീറ്റും ഇതോടെ കോൺഗ്രസിന് നഷ്ടപ്പെട്ടിരുന്നു.
1977 മുതൽ 2011 വരെ തുടർച്ചയായി സിപിഐ എം സ്ഥാനാർഥി ജയിച്ചിട്ടുള്ള മണ്ഡലമാണ് ദൂപ്ഗുരി. 2016 ൽ തൃണമൂൽ ജയിച്ച മണ്ഡലം 2021 ൽ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.