മലപ്പുറം > തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ തെളിവെടുപ്പ് തുടങ്ങി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു ഉൾപ്പെടെയുള്ള പ്രതികളെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് മഞ്ചേരി കോടതിയിൽനിന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കരുവാരക്കുണ്ട് സ്റ്റേഷനിലെത്തിച്ചത്. വെള്ളിയാഴ്ച രാവിലെ വീഷ്ണുവിന്റെ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് തുടങ്ങി.
സുജിതയെ കൊലപ്പെടുത്തിയ കേസിൽ വിഷ്ണുവിനെ കൂടാതെ, സഹോദരങ്ങളായ വൈശാഖ്, വിവേക്, അച്ഛൻ മുത്തു, സുഹൃത്ത് മുഹമ്മദ് ഷിഹാൻ എന്നിവരാണ് പ്രതികൾ. വിശദ അന്വേഷണത്തിനുശേഷമേ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ. പ്രതികളെ ചോദ്യംചെയ്തപ്പോൾ ലഭിച്ച മറുപടികളിലെ വ്യക്തതക്കുറവും പൊരുത്തമില്ലായ്മയും അന്വേഷകസംഘം പരിശോധിക്കും. സുജിതയുടെ മൊബൈൽ ഫോൺ തകർത്ത് വലിച്ചെറിഞ്ഞതായാണ് പൊലീസ് നിഗമനം. സുജിത കൊല്ലപ്പെട്ട ആഗസ്ത് 11ന് പകൽ 11.42ന് ആയിരുന്നു ഫോണിൽനിന്നുള്ള അവസാനത്തെ വിളി. വൈകാതെ ഫോൺ ഓഫ് ആയി.
സ്ത്രീകളിൽനിന്ന് സ്വർണം വാങ്ങി പണയംവയ്ക്കുകയോ വിൽക്കുകയോ ചെയ്താണ് വിഷ്ണു ആവശ്യത്തിനുള്ള പണമുണ്ടാക്കിയിരുന്നത്. ഒരാളിൽനിന്ന് വാങ്ങിയത് നൽകാൻ മറ്റൊരാളിൽനിന്ന് വാങ്ങും. ഇങ്ങനെ നിരവധി പേരിൽനിന്ന് സ്വർണവും പണവും വാങ്ങിയിട്ടുണ്ട്. തിരിച്ചുകൊടുക്കാനാകാതെ വന്നതോടെ രണ്ടുമാസമായി തുവ്വൂർ പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് പദ്ധതിയിലെ താൽക്കാലിക ജോലിയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. കേസിലെ പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കുടുംബശ്രീ കാർഷിക റിസോഴ്സ്പേഴ്സൺ എന്ന നിലയിൽ കൃഷിഭവൻ കേന്ദ്രീകരിച്ചായിരുന്നു സുജിതയുടെ പ്രവർത്തനം. കൃഷിവകുപ്പിന്റെ കേരള കർഷകൻ മാസികയുടെ ഏജൻസിയുമുണ്ട്. ഉച്ചവരെ കൃഷിഭവനിലും കുടുംബശ്രീയിലുമായി ഉണ്ടാകുന്ന സുജിത പലപ്പോഴും വാർഡുകളിൽ ഫീൽഡ് വർക്കിൽ ആയിരിക്കും.
ആഗസ്ത് 11ന് പകൽ 11നുശേഷം കാണാതായ സുജിതയുടെ മൃതദേഹം 21ന് രാത്രിയാണ് വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിന് കരുവാരക്കുണ്ട് ഇൻസ്പെക്ടർ സി കെ നാസറിന്റെ നേതൃത്വത്തിലുള്ള 19 അംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാറിനാണ് മേൽനോട്ടച്ചുമതല. ജില്ലാ പൊലീസ് മേധാവി എസ് സുജിത്ദാസ് അന്വേഷണ പുരോഗതി ദൈനംദിനം വിലയിരുത്തും. അന്വേഷക സംഘം വ്യാഴാഴ്ച വൈകിട്ട് കരുവാരക്കുണ്ട് സ്റ്റേഷനിൽ ഇതുവരെയുള്ള കാര്യങ്ങൾ വിലയിരുത്തി.