നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം നിർവ്വഹിച്ച് നീരജ് മാധവ്, ആൻറണി പെപ്പെ, ഷെയ്ൻ നിഗം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആർഡിഎക്സ് വെള്ളിയാഴ്ച തീയ്യേറ്റുകളിൽ എത്തുകയാണ്. വലിയ പ്രതീക്ഷകളിൽ എത്തുന്ന ചിത്രം കൂടിയാണിത്. ഇതിനിടയിൽ ചിത്രത്തിൻറെ സംവിധായകൻ നഹാസിനെ പറ്റി നടി മാല പാർവ്വതി പങ്കുവച്ച കുറിപ്പാണ് ഫെയ്സ്ബുക്കിൽ ചർച്ചയാകുന്നത്.ഗോദയിൽ ബേസിൽ ജോസഫിൻറെ അസിസ്റ്റൻറായി നഹാസ് എത്തിയ കഥയും കുറിപ്പിൽ മാല പാർവ്വതി പങ്കുവയ്ക്കുന്നുണ്ട്.
മാല പാർവതിയുടെ കുറിപ്പ്:
Nahas Hidhayath – നെ ആദ്യം കാണുന്നത് ‘ഗോദ ‘ എന്ന ചിത്രത്തിലെ ആറാമത്തെ സംവിധാന സഹായിയായാണ്. നഹാസിൻ്റെ ശ്രദ്ധയെയും കഴിവിനെയും കുറിച്ച് ഞാൻ Basil Joseph നോട് സൂചിപ്പിച്ചപ്പോൾ, നഹാസ് അസിസ്റ്റൻറായ കഥ പറഞ്ഞു. നഹാസ് ബേസിലിനെ കാണാൻ വന്നപ്പോൾ, ഡിറക്ഷൻ ടീം ഒക്കെ സെറ്റായി കഴിഞ്ഞിരുന്നു.എന്നാൽ, നഹാസിൻ്റെ താൽപര്യം കണ്ടപ്പോൾ, ബേസിൽ ഒരു കാര്യം പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ ഒരു ഷോർട്ട് ഫിലിം ചെയ്ത് കൊണ്ട് വന്നാൽ,നോക്കാമെന്ന്!.
അന്ന് നഹാസ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൻ്റെ ഉടമ നഹാസിന് കുറച്ച് പൈസ കൊടുത്ത് സഹായിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ആ ചിത്രം ബേസിലിനെ കാണിച്ചു.അങ്ങനെയാണ് നഹാസ് ആ ചിത്രത്തിൽ എത്തിയത്. രഞ്ജി പണിക്കർ ചേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട്, എൻ്റെ കഥാപാത്രം ചോദിക്കുന്നുണ്ട്.. “എവിടെ?, നിങ്ങടെ ശിഷ്യൻ എവിടെ..?” എന്ന്. ആ ശിഷ്യനായിരുന്നു നഹാസ്.ആ സീനുകൾ ചിത്രത്തിൽ ഉൾപ്പെട്ടില്ല. എങ്കിലും അഭിനയത്തിനിടയിലെ ഗുസ്തി മത്സരത്തിൽ ചെവിയ്ക്ക് പരിക്കേറ്റ്, ഒരു പ്ലാസ്റ്ററും ചെവിയിൽ വച്ചായിരുന്നു ആ പയ്യൻ സെറ്റിൽ ഓടി നടന്നിരുന്നത്. ചെവിയിൽ നിന്ന് ” കൂ” എന്നൊരു ശബ്ദം വരുമെന്നും, ഭയങ്കര വേദനയാണെന്നും, എന്തോ ഒന്ന് ഒലിച്ച് വരുമെന്നും, നിർവികാരമായി പറഞ്ഞ്, സീനിൽ തന്നെ ശ്രദ്ധിക്കുന്ന നഹാസിനോട്.. ഞാനന്ന് ചോദിച്ചു.. ” നീ എടുക്കുന്ന സിനിമയിൽ എന്നെ വിളിക്കണേ എന്ന്.
നഹാസ് വാക്ക് പാലിച്ചു.ആദ്യ സിനിമ ‘ആരവം”! എനിക്ക് അന്ന് ഡേറ്റ് കൊടുക്കാൻ ആയില്ല. അന്ന് എനിക്ക് വലിയ സങ്കടം തോന്നി. വലിയ പ്രതീക്ഷയോടെ നഹാസ് ആ ചിത്രത്തിൻ്റെ കാര്യങ്ങൾ ചെയ്തു. ഷൂട്ടിംഗ് തുടങ്ങി .ചിത്രം മുടങ്ങി പോയി.
അതിന് ശേഷം നഹാസ് സംവിധായകൻ്റെ കുപ്പായം അണിഞ്ഞ ചിത്രം നാളെ റിലീസ് ആണ്. RDX. ചിത്രം നാളെ റിലീസാണ്. RDX ടീം മുഴുവൻ പ്രതീക്ഷയിലാണ്. ഞാനും. ഇന്ന്, ആ ചിത്രം Netflix..OTT rights കരസ്ഥമാക്കി.. മുന്നേറുകയാണ്.ഈ സമയത്ത്, ഞാൻ ആലോചിക്കുന്നത് നഹാസിൻ്റെ യാത്രയെ പറ്റിയാണ്.
ഒരാൾക്ക് ചിത്രത്തിന് വേണ്ടി എത്ര മാത്രം കഷ്ടപ്പെടാൻ പറ്റും, എന്ന് നഹാസിനെ കണ്ട് മനസ്സിലാക്കാം. ചിരിച്ച മുഖത്തോടെ, നിറഞ്ഞ പ്രതീക്ഷയോടെ പ്രശ്നങ്ങളെ അതിജീവിച്ച് പോകുന്ന പ്രകൃതം.30-ൽ താഴെ പ്രായം ! നാളെ.. ചിത്രം തിയറ്ററിലെത്തും. ചിത്രത്തിന് ഹൈപ്പുണ്ടോ, ചിത്രത്തിനെ കുറിച്ച് സംസാരമുണ്ടോ എന്നൊന്നും എനിക്കറിയില്ല.
പക്ഷേ ഈ ചിത്രം നിങ്ങൾ കണ്ട് വിജയിപ്പിച്ചാൽ.. അതിലൊരു നന്മയുണ്ട്! കാരണം “ഉദയനാണ് താരം” എന്ന ചിത്രത്തിൽ അവസാനം ,ഉദയഭാനുവിൻ്റെ ചിത്രം വിജയിച്ചില്ലെങ്കിൽ, അതൊരു നീതി കേടായാനെ. അത് പോലെയാണ് ഇതും. RDXൻ്റെ ഉദയൻ നഹാസ് ആണ്. “നഹാസ് ആണ് താരം” എന്ന് എല്ലാവരും പറയട്ടെ എന്ന്, ഞാൻ പ്രാർത്ഥിക്കുകയാണ്. Sophia Paul ,@Weekend blockbuster കട്ടക്ക് കൂടെ നിന്നു. ഫൈറ്റൊക്കെ ഒരു രക്ഷയുമില്ല. ഷെയിനും,ആൻറണിയും, നീരജും… തിമിർത്തിട്ടുണ്ട്. @Adash Sukumaran, ചിത്രത്തിൻ്റെ writer, എഴുതുന്നതും, കാണികളുടെ പൾസ് അറിഞ്ഞ് കൊണ്ടാണ്. നാളെ പുലരുമ്പോൾ നിങ്ങൾ വിധി പറയും. ആ വിധിക്കായി കാതോർക്കുന്നു.