രമേഷ്ബാബു പ്രഗ്നാനന്ദ
ചെന്നൈ സ്വദേശി
പ്രായം 18
ഗ്രാൻഡ്മാസ്റ്റർ
അച്ഛൻ: രമേഷ്ബാബു
(ബാങ്ക് മാനേജർ)
അമ്മ: നാഗലക്ഷ്മി
സഹോദരി: ആർ വൈശാലി
ഫിഡേ റേറ്റിങ്: 2707
ലോക റാങ്ക്: 29
ബാകു (അസർബൈജാൻ)
ഈ തോൽവി പ്രഗ്നാനന്ദയെ വേദനിപ്പിക്കില്ല. കാരണം അഞ്ചുതവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെ രണ്ട് കളിയിൽ സമനിലയിൽ തളച്ചശേഷമാണ് ടൈബ്രേക്കിൽ പൊരുതിവീണത്. ചെസ് ലോകകപ്പിന്റെ ഫൈനലിൽ എത്തിയതോടെ പതിനെട്ടുകാരൻ ലക്ഷ്യം നേടിയിരുന്നു.
ഇന്ത്യൻ ചെസിലെ പുതിയ വിസ്മയം ലോകകപ്പിൽ ഉടനീളം മികച്ച ഫോമിലായിരുന്നു. സെമിയിൽ പരാജയപ്പെടുത്തിയത് മൂന്നാംറാങ്കുകാരനായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെയാണ്. ക്വാർട്ടറിൽ ഇന്ത്യക്കാരനായ അർജുൻ എറിഗൈസിയെ കീഴടക്കി. നാലാംറൗണ്ടിൽ രണ്ടാംറാങ്കുകാരനായ അമേരിക്കയുടെ ഹികാരു നകാമുറയെ ഞെട്ടിച്ചു. ക്ലാസിക്കൽ ശൈലിയിലുള്ള രണ്ട് മത്സരഫൈനലിൽ കാൾസനെ അമ്പരപ്പിച്ചു. ആദ്യ 35 നീക്കത്തിൽ സമനിലയായി. രണ്ടാംമത്സരം 30 നീക്കത്തിൽ സമനിലയിൽ അവസാനിച്ചു. തുടർന്നായിരുന്നു സമയത്തെ അടിസ്ഥാനമാക്കിയുള്ള ടൈബ്രേക്കർ. 25 മിനിറ്റുവീതമുള്ള രണ്ട് റാപിഡ് മത്സരമായിരുന്നു. ടൈബ്രേക്കിൽ പരിചയസമ്പത്ത് കാൾസന് തുണയായി.
എല്ലാ ലോക കിരീടം നേടിയിട്ടും കാൾസന് ലോകകപ്പ് കിട്ടാക്കനിയായിരുന്നു. ഫൈനലിന് തൊട്ടുമുമ്പുണ്ടായ ഭക്ഷ്യവിഷബാധ ആരോഗ്യത്തെ ബാധിച്ചിരുന്നു. എന്നാൽ, ആത്മവിശ്വാസം വീണ്ടെടുത്ത് കന്നിക്കിരീടം സ്വന്തമാക്കി. തുടർച്ചയായ വിജയങ്ങളാൽ ലോകചാമ്പ്യൻഷിപ് മടുത്തെന്നും ഇനി കളിക്കാനില്ലെന്നും പ്രഖ്യാപിച്ച കാൾസൻ ഇത്തവണ പിൻമാറിയിരുന്നു. 2013 മുതൽ 2023 വരെ ലോകകിരീടം കൈവശംവച്ചു. ഏപ്രിലിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ കാൾസന്റെ അഭാവത്തിൽ ഇയാൻ നിപോംനിഷിയും ഡിങ് ലിറനും തമ്മിലായിരുന്നു പോരാട്ടം.
കരുക്കൾ
ഉറങ്ങാത്ത വീട്
ചേച്ചിയുടെ കാർട്ടൂൺ ഭ്രമം അനിയനെ ലോക ചെസിന്റെ നെറുകയിൽ എത്തിച്ച കഥയാണ് പ്രഗ്നാനന്ദയുടേത്. ചെന്നൈയിലെ കുമരൻനഗറിലുള്ള വീട്ടിൽ എല്ലായ്പ്പോഴും ടെലിവിഷന് മുന്നിലായിരുന്നു വൈശാലി. കാർട്ടൂൺ കാണലാണ് പ്രധാന പരിപാടി. മകളുടെ പഠിത്തം ഉഴപ്പുമെന്ന് മനസ്സിലാക്കിയ ബാങ്ക് മാനേജരായ അച്ഛൻ രമേഷ് ബാബുവും അമ്മ നാഗലക്ഷ്മിയും വഴി ആലോചിക്കുന്നു. അവളെ ചെസ് ക്ലാസിലാക്കുക. അങ്ങനെ വൈശാലി ചെസ് പഠിച്ചുതുടങ്ങി. കുഞ്ഞനിയനും അവൾക്കൊപ്പംകൂടി. അപ്പോൾ പ്രഗ്നാനന്ദയ്ക്ക് ആറ് വയസ്സ്. കരുനീക്കങ്ങൾ അവനെയും രസംപിടിപ്പിച്ചു. മകനും ചെസിൽ താൽപ്പര്യം കാണിച്ചത് രക്ഷിതാക്കളെ സന്തോഷിപ്പിച്ചു. അങ്ങനെ ഇരുവരും ചെസ് ക്ലാസിൽ പോയിത്തുടങ്ങി. ചെസിലെ പാഠങ്ങൾ അതിവേഗം സ്വായത്തമാക്കിയ ‘പ്രഗ്ഗ’ അതിവേഗം ടൂർണമെന്റുകളിൽ ജയിച്ചുതുടങ്ങി. മക്കൾക്കൊപ്പം കൂട്ടായി നാഗലക്ഷ്മി ക്ലാസിലും ടൂർണമെന്റ് വേദികളിലുമെത്തി.
അതേക്കുറിച്ച് രമേഷ് ബാബു പറയുന്നതിങ്ങനെ ‘എല്ലാ ക്രെഡിറ്റും അവൾക്കാണ്. കുട്ടികളെ അവളാണ് കൊണ്ടുപോയിരുന്നത്. അതൊരു ചെറിയ ജോലിയല്ല. അതിനാൽ ഈ നേട്ടങ്ങളെല്ലാം അവൾക്ക് അവകാശപ്പെട്ടതാണ്’. യാത്രകൾ ചെന്നൈവിട്ട് മറ്റ് സംസ്ഥാനങ്ങളായി. പിന്നെ വിദേശത്തേക്കും നീണ്ടു. അവിടെയല്ലാം നാഗലക്ഷ്മിയും കൂടെപ്പോയി. യാത്രയിൽ ഒരു ഇൻഡക്ഷൻ സ്റ്റൗവും കൊണ്ടുപോയി. അരിയും മസാലയും ബാഗിലാക്കിയായിരുന്നു യാത്ര. ടൂർണമെന്റ് വേദികളിൽ കുട്ടികൾക്ക് ചോറും രസവും വിളമ്പി. അതിന്റെ സ്വാദിനെപ്പറ്റി പറയാൻ ‘പ്രഗ്ഗ’യ്ക്ക് നൂറ് നാവാണ്.
മുൻ കളിക്കാരനായ പി ബി രമേഷിന്റെ കീഴിലെ പരിശീലനം പ്രഗ്നാനന്ദയുടെ കളിയെ മാറ്റിമറിച്ചു. എട്ടും പത്തും വയസ്സ് പ്രായമുള്ളവരുടെ ലോകചാമ്പ്യനായി. പത്താംവയസ്സിൽ ലോകത്തെ പ്രായംകുറഞ്ഞ ഇന്റർനാഷണൽ മാസ്റ്ററായി. പന്ത്രണ്ടാംവയസ്സിൽ ഗ്രാൻഡ്മാസ്റ്റർ പദവി. പ്രായക്കുറവിൽ ലോകത്തെ രണ്ടാമത്തെ ആൾ. കോവിഡ് കാലത്ത് ടൂർണമെന്റുകളില്ലാതായി. പരിശീലനത്തിൽ ശ്രദ്ധിച്ചു. വീട്ടിൽ ചേച്ചിക്കൊപ്പവും അക്കാദമിയിൽ കോച്ചിനൊപ്പവും പരിശീലനം.
വീട്ടിൽ രണ്ട് ചെസ് കളിക്കാരുള്ളത് നല്ലതാണെന്നാണ് പ്രഗ്നാനന്ദയുടെ അഭിപ്രായം. പരസ്പരം സംശയങ്ങൾ തീർക്കാം, കളിയെക്കുറിച്ച് ചർച്ചചെയ്യാം. ചെസ് ജീവിതത്തിൽ ചേച്ചിയുടെ സാന്നിധ്യം ഒരുപാട് ഗുണംചെയ്തിട്ടുണ്ടെന്നും ഓർമിച്ചു. ചെസ് അല്ലാതെ എന്താണ് ഇഷ്ടമെന്ന ചോദ്യത്തിന് തമാശ സിനിമകൾ എന്നാണ് ഉത്തരം. മറ്റ് ഇഷ്പ്പെട്ട കളികൾ ടേബിൾടെന്നീസും ക്രിക്കറ്റുമാണ്.
കോവിഡിനുശേഷം പ്രധാന ടൂർണമെന്റുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഓൺലൈൻ ചെസിൽ മാഗ്നസ് കാൾസനെ വീഴ്ത്തി. ചെസ് ഒളിമ്പ്യാഡിൽ മികച്ച പ്രകടനം. ഇപ്പോൾ ചെസ് ലോകകപ്പിൽ റണ്ണറപ്പ്.ലോകകപ്പ് നടന്ന അസർബൈജാനിലെ ബാകുവിൽ വൈശാലിയുണ്ടായിരുന്നു. വനിതാവിഭാഗത്തിൽ മൂന്നാംറൗണ്ടിൽ തോറ്റു. 2018ൽ ഗ്രാൻഡ് മാസ്റ്ററായ ഇരുപത്തിരണ്ടുകാരി 2021ൽ ഇന്റർനാഷണൽ മാസ്റ്ററായി.