ബുഡാപെസ്റ്റ്
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ കാർസ്റ്റൺ വാർഹോമിന് എതിരില്ല. തുടർച്ചയായി മൂന്നാമത്തെ ലോക ചാമ്പ്യൻഷിപ്പിലും സ്വർണം. 46.89 സെക്കൻഡിലാണ് ഫിനിഷ്. കൈറൻ മക്മാസ്റ്റർ 47.34 സെക്കൻഡിൽ രണ്ടാമതായി. അമേരിക്കയുടെ റായ് ബെഞ്ചമിനാണ് വെങ്കലം. വിൻഡീസ് മുൻ ക്രിക്കറ്റ് താരം വിൻസ്റ്റൺ ബെഞ്ചമിന്റെ മകനാണ്.
വനിതകളുടെ പോൾവോൾട്ടിൽ ഓസ്ട്രേലിയയുടെ നീന കെന്നഡിയും അമേരിക്കയുടെ കാറ്റി മൂണും സ്വർണം പങ്കിട്ടു. ഇരുവരും 4.90 മീറ്ററാണ് താണ്ടിയത്. തുടർന്ന് 4.95 മീറ്റർ ഉയർത്തിയെങ്കിലും രണ്ടുപേർക്കും മറികടക്കാനായില്ല. അതോടെ സ്വർണം പങ്കുവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
പുരുഷന്മാരുടെ 1500 മീറ്ററിൽ ബ്രിട്ടന്റെ ജോഷ് കെറും വനിതകളുടെ 400 മീറ്ററിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മരിലെഡി പൗളിനോയും ഒന്നാമതെത്തി. നടത്തത്തിലെ നാല് സ്വർണവും സ്പെയ്ൻ സ്വന്തമാക്കി. 20 കിലോമീറ്റർ ജേതാക്കൾതന്നെയാണ് 35 കിലോമീറ്ററിലും പൊന്നണിഞ്ഞത്. പുരുഷന്മാരിൽ അൽവാരോ മാർട്ടിനും വനിതകളിൽ മരിയ പെരസും ചാമ്പ്യനായി.
സ്–പ്രിന്റ് ഡബിൾ പ്രതീക്ഷിക്കുന്ന അമേരിക്കയുടെ നോഹ ലെയ്ൽസും ഷകാറി റിച്ചാർഡ്സണും 200 മീറ്റർ ഫെെനലിൽ കടന്നു. പുരുഷൻമാരുടെ ലോങ്ജമ്പ് സ്വർണം ഒളിമ്പിക്സ് ചാമ്പ്യൻ ഗ്രീസിന്റെ മിൽതിയാഡിസ് ടെൻഡോഗ്ലു സ്വന്തമാക്കി. ദൂരം 8.52 മീറ്റർ. ജമെെക്കക്കാരായ വെയ്ൻ പിന്നോക്ക് വെള്ളിയും (8.50) തജയ് ഗെയ്ൽ (8.27) വെങ്കലവും നേടി.