തിരുവനന്തപുരം
പ്രവർത്തക സമിതിയിൽനിന്ന് തഴയപ്പെട്ട രമേശ് ചെന്നിത്തലയെ മഹാരാഷ്ട്രയുടെ ചുമതല നൽകി ഒതുക്കിയേക്കുമെന്ന വാർത്തകൾ ശരിവച്ച് നേതാക്കൾ. മറ്റു വലിയ ചുമതലകൾ നൽകേണ്ട സാഹചര്യം ഇല്ലെന്നാണ് ഹൈക്കമാൻഡ് നേതാക്കളുടെ വിലയിരുത്തൽ. കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാഹുലിനെയും മല്ലികാർജുൻ ഖാർഗെയും കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായും പറയുന്നു.
ഉമ്മൻചാണ്ടി അന്തരിച്ചതോടെ അടുത്ത മുതിർന്ന നേതാവ് എന്ന നിലയ്ക്ക് ചെന്നിത്തലയെ കാര്യമായി പരിഗണിക്കേണ്ടിവരുമെന്നു കണ്ടാണ് ആസൂത്രിതമായി തഴഞ്ഞത്. മഹാരാഷ്ട്ര ചുമതല ചെന്നിത്തല നിഷേധിച്ചാൽ അത് അവസരമാക്കി കൂടുതൽ കടുപ്പിക്കാനാകുമെന്നും വേണുഗോപാലും കൂട്ടരും കരുതുന്നു.
അതേസമയം, ഒതുക്കാനുള്ള ശ്രമങ്ങളോട് വഴങ്ങാൻ നിൽക്കരുതെന്നാണ് ഐ വിഭാഗത്തിലുള്ള പല നേതാക്കളുടെയും അഭിപ്രായം. സച്ചിൻ പൈലറ്റിനെപ്പോലെ അവസരത്തിനൊത്ത് പ്രതികരിച്ച് പോകാത്തതാണ് ചെന്നിത്തലയ്ക്ക് പറ്റിയത്. എന്നാൽ, ശശി തരൂർ കൃത്യസമയത്ത് ഹൈക്കമാൻഡിനും കെപിസിസിക്കും മുന്നറിയിപ്പ് നൽകി. എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച് ദേശീയതലത്തിൽ ഉയരാൻ കഴിയുന്നയാളാണ് എന്ന് തെളിയിച്ചു. കേരളത്തിൽ തഴഞ്ഞാലും വിവരം അറിയുമെന്ന് ‘കേരള പര്യടനം’ നടത്തി കാണിച്ചുകൊടുത്തു. കോൺഗ്രസ് തരൂരിനെ പുറത്താക്കുമെന്നുവരെ പ്രചരിപ്പിച്ചെങ്കിലും നേതൃത്വത്തിന് കാര്യം മനസ്സിലായി. തരൂർ ബിജെപിയിലേക്ക് പോയാൽ വലിയക്ഷീണം കോൺഗ്രസിനുണ്ടാകുമെന്ന് ബോധ്യമായി. ഇത്തരം ‘ഡോസുകൾ’ ചെന്നത്തലയ്ക്ക് കൊടുക്കാനായില്ലെന്നും ഐ ഗ്രൂപ്പ് വിട്ട ഒരു നേതാവ് പറഞ്ഞു. കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുന്നയാളല്ലെന്ന പുതിയ നേതൃത്വത്തിന്റെ ധാരണ മാറ്റാനും ചെന്നിത്തലയ്ക്കായില്ല.