തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തകയായ സുജിതയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി വിഷ്ണു മുൻ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന പച്ചക്കള്ളം. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണു യുവതിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടുമുറ്റത്ത് മാലിന്യക്കുഴിയിലിട്ടുമൂടിയതും സിനിമാക്കഥ പോലെ യുവതിയെ കാണാനില്ലെന്ന് പ്രചരിപ്പിച്ചതും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചപ്പോൾ അത് മറച്ചുവയ്ക്കാനാണ് പ്രതിപക്ഷ നേതാവിന്റെ കള്ളപ്രചാരണം.
പരമ്പരാഗത കോൺഗ്രസ് കുടുംബമാണ് വിഷ്ണുവിന്റേത്. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2012–- 14 കാലത്ത് പ്ലസ് ടു വിദ്യാർഥിയായിരുന്നപ്പോൾ കെഎസ്യു പ്രവർത്തകനായിരുന്നു. പഠനശേഷം യൂത്ത് കോൺഗ്രസിൽ സജീവമായി മണ്ഡലം സെക്രട്ടറിവരെയായി. കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായും അടുത്തബന്ധമുണ്ട്. എ പി അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ വിഷ്ണുവിന്റെ ഫെയ്സ് ബുക്ക് പേജിലുണ്ട്. കോൺഗ്രസിന്റെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും സജീവമാണ്.
വിഷ്ണുവിന്റെ വീട്ടുമുറ്റത്തുനിന്ന് സുജിതയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഇയാളാണ് മുഖ്യപ്രതിയെന്ന് ജനങ്ങൾ അറിയുന്നത്. അതോടെ, വിഷ്ണുവിനെ മെയ് 24ന് പുറത്താക്കിയിരുന്നു എന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോജി കെ അലക്സ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് സംഭവമറിഞ്ഞയുടൻ യൂത്ത് കോൺഗ്രസിൽനിന്ന് പുറത്താക്കി എന്നാണ്. എന്നാൽ ജില്ലാ നേതൃത്വം അത്തരമൊരു അറിയിപ്പും നൽകിയിട്ടില്ല. കൊലപാതകം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എതിരാകുമെന്നു കണ്ടതോടെയാണ് സതീശൻ പച്ചക്കള്ളം പറയുന്നത്. വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് മലപ്പുറം ഡിസിസി ഓഫീസിനുമുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വി ഡി സതീശന്റെ കോലം കത്തിച്ചു.
കൊലയാളി
മുൻ ഡിവൈഎഫ്ഐക്കാരനെന്ന
നുണയുമായി സതീശൻ
തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ കൊന്ന കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവിനെ മുൻ ഡിവൈഎഫ്ഐക്കാരനാക്കി പ്രതിപക്ഷ നേതാവിന്റെ നുണപ്രചാരണം. പുതുപ്പള്ളിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വ്യാഴാഴ്ച വിളിച്ച വാർത്താസമ്മേളനത്തിലാണ് വി ഡി സതീശൻ പ്രതിയെ മുൻ ഡിവൈഎഫ്ഐക്കാരനാക്കിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രതി അടുത്തകാലത്താണ് യൂത്ത് കോൺഗ്രസിൽ എത്തിയതെന്നും കള്ളം പറഞ്ഞു. സ്വഭാവം മോശമായതിനാൽ അയാളെ പുറത്താക്കിയെന്നും പറഞ്ഞു.
കൊലയാളിയെ സതീശൻ ന്യായീകരിക്കുന്നു
മലപ്പുറത്ത് യുവതിയെ യൂത്ത് കോൺഗ്രസ് നേതാവും സഹായികളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയ കൊടുംക്രൂരതയെ അപലപിക്കുന്നതിന് പകരം കൊലയാളിയുടെ പൂർവകാലം തിരയാനാണ് വി ഡി സതീശൻ ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ഇത് തെറ്റിനെ ന്യായീകരിക്കുന്നതിന് തുല്യമാണ്. ഒരു നേതാവും ഇത്തരം സമീപനം സ്വീകരിക്കരുത്. നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിലെ ജീവനക്കാരിയെകൊന്ന് ചാക്കിൽകെട്ടി കുളത്തിലിട്ട സംഭവം കേരളം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.