മലപ്പുറം > തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എം വിഷ്ണു മുൻ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്കെതിരെ വൻ യുവജന പ്രതിഷേധം. മലപ്പുറത്ത് ഡിസിസി ഓഫീസിനുമുന്നിലെ റോഡിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വി ഡി സതീശന്റെ കോലം കത്തിച്ചു.
സ്ത്രീകളെ കൊന്നുതള്ളുന്നത് പരമ്പരയാക്കിയ കോൺഗ്രസിനെ ചോദ്യംചെയ്യുന്ന ജനത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ പച്ചക്കള്ളം പറയുന്നത് അവസാനിപ്പിക്കാൻ പ്രവർത്തകർ താക്കീത് നൽകി. കൊടുംക്രൂരതയ്ക്കെതിരെ പ്രതിഷേധം ഉയരുമ്പോൾ പിടിച്ചുനിൽക്കാൻ വായിൽതോന്നിയത് പടച്ചുവിട്ട് ഡിവൈഎഫ്ഐയെ തകർക്കാമെന്ന് കരുതണ്ടായെന്നും മുന്നറിയിപ്പ് നൽകി. രാത്രി എട്ടോടെയായിരുന്നു യുവജന പ്രതിഷേധം.