ന്യൂഡൽഹി> ബിൽക്കിസ്ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളിൽ ഒരാൾ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഗുരുതരകുറ്റകൃത്യം നടത്തി ശിക്ഷിക്കപ്പെട്ട ഒരാൾ എങ്ങനെയാണ് അഭിഭാഷകവൃത്തിയിൽ ഏർപ്പെടുന്നതെന്ന് കേസ് പരിഗണിക്കുന്ന ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ഉജൽഭുയാൻ അന്വേഷിച്ചു. ഇത്തരം ആളുകൾക്ക് നിയമം പ്രാക്റ്റീസ് ചെയ്യാൻ എങ്ങനെ ലൈസൻസ് കിട്ടുന്നുവെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികൾക്ക് ശിക്ഷാഇളവ് നൽകി വിട്ടിയച്ചതിന് എതിരായ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. വ്യാഴാഴ്ച്ച കേസ് പരിഗണിച്ച അവസരത്തിലാണ് പ്രതികളിൽ ഒരാളായ രാധേശ്യാംഷാ ഗുജറാത്തിൽ വാഹനാപകടകേസുകളിൽ അഭിഭാഷകനായി പ്രവർത്തിക്കുന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരിക്കൽ ശിക്ഷിക്കപ്പെട്ടവർക്ക് പുറത്തുവന്ന് സമൂഹത്തിന്റെ ഭാഗമാകാൻ അവസരം നൽകണമെന്ന ആവശ്യമാണ് രാധേശ്യാമിന്റെ അഭിഭാഷകൻ ഉന്നയിച്ചത്. ഈ അവസരത്തിലാണ് തന്റെ കക്ഷി കീഴ്ക്കോടതികളിൽ വാഹനാപകടക്കേസുകളിൽ അഭിഭാഷകനായി പ്രവർത്തിക്കാറുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കിയത്.