പുതുപ്പള്ളി > പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തിൽ തന്റെപേരിൽ ആൾമാറാട്ടം നടത്തി ജോലിചെയ്ത് പണംതട്ടിയെന്ന യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പുറത്തുവന്ന രേഖകളും വെളിപ്പെടുത്തലുകളുമാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. പരാതി ലഭിച്ചെന്നും അന്വേഷണത്തിന് കോട്ടയം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ദേശാഭിമാനിയോട് പറഞ്ഞു. പുതുപ്പള്ളി മൂലയിൽമലയിൽ കെ സി ലിജിമോളാണ് പരാതി നൽകിയത്.
ആൾമാറാട്ടം വ്യക്തമാക്കുന്ന രേഖകളും മാധ്യമങ്ങളിലൂടെയും മറ്റും വെളിപ്പെടുത്തിയ വിവരങ്ങളും പരിശോധിച്ചാണ് പ്രാഥമിക അന്വേഷണത്തിലേക്ക് പൊലീസ് കടന്നത്. പാരാതിയിൽ പറയുന്നവരിൽനിന്ന് വിശദ മൊഴിയെടുക്കും. പാർട്ട്ടൈം സ്വീപ്പർ താൽക്കാലിക തസ്തികകളിൽ നിയമനത്തിന് ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതടക്കം എല്ലാ കാര്യങ്ങൾക്കും രേഖകൾ ഉള്ളതിനാൽ അന്വേഷണം എളുപ്പമാകും എന്നാണ് പൊലീസ് കരുതുന്നത്.
രേഖകളിൽ എന്റെ പേരാണുള്ളതെങ്കിലും ഞാൻ അവിടെ ജോലി ചെയ്യുകയോ ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നാണ് ലിജിമോളുടെ പരാതി. ബാങ്ക് അക്കൗണ്ടും തന്റേതല്ലെന്ന് ലിജിമോൾ പറയുന്നു. എന്റെ പേരുപയോഗിച്ച് വ്യാജരേഖ ചമയ്ക്കൽ, പണാപഹരണം, ആൾമാറാട്ടം, ജോലി തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങൾ ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട്, പേരുകളടക്കം എഴുതിയാണ് ലിജിമോൾ പരാതി നൽകിയത്.