ന്യൂഡൽഹി > രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും ജീവത്തായ ആവശ്യങ്ങൾ ഉയർത്തി അതിശക്തമായ പ്രക്ഷോഭപരമ്പര സംഘടിപ്പിക്കാൻ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ജീവനക്കാരുടെ ഫെഡറേഷനുകളുടെയും പൊതുവേദിയും സംയുക്ത കിസാൻ മോർച്ചയും ചേർന്ന് നടത്തിയ അഖിലേന്ത്യ കൺവൻഷൻ തീരുമാനിച്ചു. പൊതുആവശ്യങ്ങൾക്ക് പുറമെ, കർഷകസമരകാലത്ത് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്ത സംഭവത്തിന്റെ മുഖ്യ സൂത്രധാരകനായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും വിചാരണ ചെയ്യണമെന്നും കൂടി ആവശ്യപ്പെട്ട് ഒക്ടോബർ മൂന്നിന് കരിദിനം ആചരിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 26 മുതൽ 28 വരെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രാജ്ഭവനു മുന്നിൽ രാപകൽ ധർണ നടത്തും. ഇക്കൊല്ലം ഡിസംബറിലും അടുത്ത വർഷം ജനുവരിയിലുമായി രാജ്യവ്യാപകമായി ഐക്യപ്രക്ഷോഭം സംഘടിപ്പിക്കും.
തൊഴിലെടുക്കാനുള്ള അവകാശം മൗലികമാക്കുക, എല്ലാ ഒഴിവുകളും നികത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക, പ്രതിദിനം 600 രൂപ വേതനത്തോടെ വർഷം 200 തൊഴിൽദിനം ലഭ്യമാകുന്ന വിധത്തിൽ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, നഗരപ്രദേശ തൊഴിലുറപ്പ് പദ്ധതി നിയമം കൊണ്ടുവരിക, കടക്കെണിയിൽ കുടുങ്ങിയ കർഷകകുടുംബങ്ങൾക്കായി സമഗ്ര കടാശ്വാസ പദ്ധതി നടപ്പാക്കുക, ദേശീയ മിനിമം വേതനം പ്രതിമാസം 26,000 രൂപയാക്കുക, ഇന്ത്യൻ ലേബർ കോൺഫറൻസ് മുടങ്ങാതെ വിളിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭം.
വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും അടക്കം ജിഎസ്ടി ചുമത്തിയത് പിൻവലിക്കുക, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും ട്രെയിൻ യാത്രാനിരക്കിൽ ഇളവ് പുനഃസ്ഥാപിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിദ്യാഭ്യാസം നേടാനുള്ള അവകാശം ഉറപ്പാക്കുക, എല്ലാവർക്കും പാർപ്പിടം ലഭ്യമാക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കോർപറേറ്റുകൾക്കും അതിസമ്പന്നർക്കും നികുതി ചുമത്തുക എന്നീ ആവശ്യങ്ങളും കൺവൻഷൻ ഉന്നയിച്ചു.
തൽക്കത്തോറ സ്റ്റേഡിയത്തിൽ ചേർന്ന കൺവൻഷനിൽ രാജ്യമെമ്പാടുനിന്നും ആയിരങ്ങൾ പങ്കെടുക്കാനെത്തി. സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ, അഖിലേന്ത്യ കിസാസഭ പ്രസിഡന്റ് അശോക് ധാവ്ളെ, എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ, ഐഎൻടിയുസി വൈസ് പ്രസിഡന്റ് അശോക് സിങ്, ഹർബജൻ സിങ് സിദ്ദു(എച്ച്എംഎസ്, മണാലി ഷാ(സേവ), ജി ദേവരാജൻ(ടിയുസിസി),ശത്രുജീത്(യുടിയുസി) രമേശ് പരാശർ(എഐയുടിയുസി), കർഷകനേതാക്കളായ ജൊഗീന്ദ്രപാൽ സിങ് ഉഗ്രഹ, യുദ്ധവീർ സിങ് എന്നിവർ സംസാരിച്ചു. ഹനൻ മൊള്ള, എ ആർ സിന്ധു, പി കൃഷ്ണപ്രസാദ്, ഷഹ്നാസ്, വി എസ് ഗിരി, ബൽദേവ് സിങ് നിഹാൽഗഡ് എന്നിവർ ഏകോപനം നിർവഹിച്ചു.