പുതുപ്പള്ളി
വസ്തുതകൾ മറച്ചുവച്ച് യുഡിഎഫിനായി മലയാള മനോരമ നടത്തിയ തെരഞ്ഞെടുപ്പ് കാമ്പയിൻ പൊളിഞ്ഞു. പുതുപ്പള്ളി മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പറായി ജോലിതരപ്പെടുത്തിയ പി യു സതിയമ്മയ്ക്ക് അറിയാമായിരുന്ന വസ്തുതകളും സത്യവും മറച്ചുവച്ചായിരുന്നു മനോരമയുടെ രംഗപ്രവേശം. ഐശ്വര്യ കുടുംബശ്രീ അധികൃതർ വ്യാജരേഖ നിർമിച്ചാണ് സതിയമ്മയ്ക്ക് തുടർച്ചയായി ജോലിചെയ്യാൻ സാഹചര്യമൊരുക്കിയതും സതിയമ്മ പണം കൈപ്പറ്റിയതും. കെ സി ലിജിമോളെ ജോലിക്ക് നിയോഗിക്കുന്നതായിട്ടായിരുന്നു വ്യാജരേഖ നിർമിച്ചത്. ഐശ്വര്യ കുടുംബശ്രീ മൃഗസംരക്ഷണ വകുപ്പിന് കത്തു നൽകിയെന്ന കാര്യം തങ്ങളുടെ നുണക്കഥയ്ക്ക് മറയിടാൻ യുഡിഎഫും മനോരമയും മറച്ചുവച്ചു.
പുതുപ്പള്ളിയിലെ എംഎൽഎ തനിക്ക് ചെയ്തുതന്ന സഹായത്തെക്കുറിച്ച് സതിയമ്മ പറഞ്ഞത് ചാനൽ ഞായറാഴ്ച സംപ്രേഷണം ചെയ്തുവെന്നും തുടർന്ന് തിങ്കളാഴ്ച പിരിച്ചുവിട്ടെന്നുമായിരുന്നു ഒന്നാം പേജ് വാർത്ത. ഇതിനും ദിവസങ്ങൾ മുമ്പേ ഉന്നത ഉദ്യോഗസ്ഥതലത്തിൽ നടന്ന പരിശോധനയിൽ ആൾമാറാട്ടം വ്യക്തമായപ്പോഴാണ് നടപടി തുടങ്ങിയത്. ഈ വസ്തുത സതിയമ്മയ്ക്കും മനോരമയ്ക്കും അറിയാമായിരുന്നു. ഇത് വ്യക്തമാക്കിയാൽ യുഡിഎഫ് പ്രചാരണത്തിന് ഇന്ധനമാകില്ലെന്ന് വ്യക്തമായതോടെ ‘ഉമ്മൻചാണ്ടിയെകുറിച്ച് നല്ലതുപറഞ്ഞു; ജീവനക്കാരിയെ പുറത്താക്കി’യെന്ന് ഒന്നാം പേജിൽ തട്ടിയത്. പിഎസ്സി വഴി ജോലിക്കെത്തിയ ജീവനക്കാരിയെ സർവീസ് ചട്ടങ്ങൾ പാലിക്കാതെ പുറത്താക്കിയെന്ന മട്ടിൽ അവതരിപ്പിക്കുകയായിരുന്നു. ഇക്കാര്യത്തിൽ തങ്ങളുടെ മാസ്റ്റർപീസായ ‘പിൻവാതിൽ’ നിയമനത്തെക്കുറിച്ച് മൗനംപാലിക്കാനും മനോരമ ശ്രദ്ധിച്ചു. താൽക്കാലിക നിയമനങ്ങൾക്ക് 179 ദിവസം എന്ന സർക്കാർ ചട്ടമുള്ളപ്പോഴാണ് സതിയമ്മ ‘കെ സി ലിജിമോളാ’യി ജോലിയിൽ തുടർന്നത്.
മനോരമ വാർത്തയും യുഡിഎഫ് നേതാക്കളുടെ സന്ദർശനപരമ്പരകളും നാടാകെ ചർച്ചയായതോടെ ആൾമാറാട്ടത്തിന് സതിയമ്മയ്ക്കെതിരെ പൊലീസിൽ പരാതിയുമായി കുടുംബശ്രീ മുൻ പ്രവർത്തക ലിജിമോൾ നിരപരാധിത്വം തെളിയിക്കാനായി നിയമ നടപടിക്ക് നിർബന്ധിതയാകുകയായിരുന്നു.