കോഴിക്കോട്
പ്രവർത്തക സമിതിയിൽ ഇടംകിട്ടാത്തതിനെ ചൊല്ലി രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും ഉയർത്തുന്ന പ്രതിഷേധത്തിന് പിറകെ അതൃപ്തി പ്രകടമാക്കി മുതിർന്ന നേതാവ് കെ മുരളീധരനും രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് മുരളീധരന്റെ ഭീഷണി. വടകരയിൽ ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
പുതുപ്പള്ളി തെരഞ്ഞെടുപ്പിനുശേഷം ചിലത് തുറന്നു പറയാനുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. ലോക്സഭാ കാലാവധി കഴിഞ്ഞാൽ പൊതുപ്രവർത്തനരംഗത്തുനിന്ന് മാറിനിൽക്കുമെന്നും പ്രഖ്യാപിച്ചു. നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കുകയാണ് മുരളീധരൻ.
ചെന്നിത്തല ഉയർത്തുന്ന വികാരത്തിനൊപ്പംനിന്ന് കെ സി വേണുഗോപാൽ പക്ഷത്തിനും സംസ്ഥാന നേതൃത്വത്തിനുമെതിരെ നിൽക്കുന്നവരെ ഒരുമിപ്പിക്കാനാണ് മുരളിധരന്റെ ശ്രമം. അതൃപ്തരായ എ, ഐ ഗ്രൂപ്പുകളുടെ പിന്തുണയും ലക്ഷ്യമിടുന്നു.
കെ സി വേണുഗോപൽ, വി ഡി സതീശൻ, കെ സുധാകരൻ എന്നിവരുടെ നേതൃത്വത്തിനെതിരെ തുടക്കം മുതൽ മുരളീധരനുണ്ട്. പലപ്പോഴും അതൃപ്തി പ്രകടമാക്കിയ അദ്ദേഹം ഒരുഘട്ടത്തിൽ പൂർണമായും മാറിനിന്നു. ചെന്നിത്തലക്കുപുറമെ മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ എന്നിവരും കടുത്ത അസംതൃപ്തരാണ്. കേരളത്തിലെ സീനിയർ നേതാക്കളിൽ ഒരാളാണ് മുല്ലപ്പള്ളി. രണ്ടുതവണ കേന്ദ്രമന്ത്രിയും ദേശീയ തലത്തിൽ നിരവധി പാർടി പദവികളും വഹിച്ചിട്ടും പ്രവർത്തക സമിതിയിൽ ഇടംലഭിച്ചില്ല. കെപിസിസി അധ്യക്ഷസ്ഥാനം നഷ്ടമായതുമുതൽ സംസ്ഥാന നേതൃത്വത്തോട് അകന്നുനിൽക്കുകയാണ് മുല്ലപ്പള്ളി. ഇടക്കിടെ വിമത സ്വരമുയർത്തുന്ന വി എം സുധീരനും മനസ്സുകൊണ്ട് പുറത്താണ്. കെപിസിസി, ബോക്ക് പ്രസിഡന്റ് പുനഃസംഘടനകളിൽ അവഗണിക്കപ്പെട്ടെന്ന ചിന്ത എ, ഐ ഗ്രൂപ്പുകളിൽ ശക്തമാണ്.