മലപ്പുറം
തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ കൊലപ്പെടുത്തുംമുമ്പ് മറ്റൊരു സ്ത്രീയെ വധിക്കാനും യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു പദ്ധതിയിട്ടു. തൊഴിലുറപ്പുമായി ബന്ധപ്പെട്ട സ്ത്രീ ആയിരുന്നു ലക്ഷ്യം. ആ സ്ത്രീയോട് തൊഴിലുറപ്പ് പണിക്ക് സ്ഥലത്തിന്റെ രസീത് നൽകാനെന്ന പേരിൽ വീട്ടിലേക്ക് വരാൻ വിഷ്ണു ആവശ്യപ്പെട്ടു. എന്നാൽ അവർ മറ്റൊരു സ്ത്രീയെയും കൂട്ടിയാണ് പോയത്. അതിനാൽ രക്ഷപ്പെട്ടു. ഇവരെ കൊലപ്പെടുത്തി സ്വർണം കവരുകയായിരുന്നു ലക്ഷ്യം.
പലരിൽനിന്നും പണവും സ്വർണവും കടംവാങ്ങിയ വിഷ്ണു തിരിച്ചുകൊടുത്തിരുന്നില്ല. കുടുംബശ്രീ, തൊഴിലുറപ്പ് രംഗത്തുള്ള സ്ത്രീകളിൽനിന്ന് കടംവാങ്ങിയ സ്വർണം പലതും വിൽക്കുകയും ചെയ്തു. ഇതിന്റെ പേരിൽ പലപ്പോഴായി തർക്കമുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ മറികടക്കാനാണ് ‘ദൃശ്യം’ മോഡൽ കൊലപാതകം ആസൂത്രണംചെയ്തത്.
കടംവാങ്ങിയ രണ്ടുപേർക്ക് ആഗസ്ത് ഒമ്പതിന് വിഷ്ണു 50,000 രൂപ, 40,500 രൂപ എന്നിങ്ങനെ തിരിച്ചുനൽകി. ഇത് തുവ്വൂരിലെ സോന ജ്വല്ലറിയിൽനിന്ന് മുൻകൂറായി വാങ്ങിയ ഒരുലക്ഷം രൂപയിൽനിന്നാണ് എന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട സുജിതയിൽനിന്ന് വിഷ്ണു പണം വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇതുതിരിച്ചുതരാമെന്നു പറഞ്ഞ് അവരെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കരുതുന്നത്.
സുജിതയെ കാണാതായശേഷം മൂന്നുതവണ വിഷ്ണുവിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. തിരിച്ചുവന്നപ്പോഴെല്ലാം ആ വിവരം പഞ്ചായത്തിലും കുടുംബശ്രീ പ്രവർത്തകരോടും പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ ഡാറ്റാ എൻട്രി ഓപറേറ്ററുടെ താൽക്കാലിക ജോലിചെയ്യുന്ന വിഷ്ണു രണ്ടുമാസമായി സ്ഥലത്തില്ല. പലപ്പോഴും കാറിൽ പോകുന്നതു കാണാമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഐഎസ്ആർഒയിൽ ജോലി കിട്ടിയതായി പറഞ്ഞ് ചില രേഖകൾ കുടുംബശ്രീ പ്രവർത്തകരെ കാണിച്ചിരുന്നു.