ന്യൂഡൽഹി
വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷ, ഒമ്പത്, പത്ത് ക്ലാസുകളിൽ നിർബന്ധമായും മൂന്ന് ഭാഷ, പ്ലസ്വൺ, -പ്ലസ്ടു ക്ലാസുകളിൽ നിർബന്ധമായും രണ്ട് ഭാഷ തുടങ്ങിയ പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നൽകിയ സമിതിയുടെ തലവനായ കസ്തൂരിരംഗന്റെ അധ്യക്ഷതയിലുള്ള 12 അംഗ സമിതിയാണ് പുതിയ ദേശീയ പാഠ്യപദ്ധതിയും തയ്യാറാക്കിയത്. അതുപ്രകാരം 10, 12 ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷയെഴുതാം. അതിലെ മികച്ച മാർക്കാകും പരിഗണിക്കുക.
നിലവിൽ പത്താം ക്ലാസുവരെ വാർഷിക രീതിയും 11, 12 ക്ലാസുകളിൽ ദ്വൈവാർഷിക രീതിയുമാണ് പിന്തുടരുന്നതെങ്കിൽ പുതിയ പാഠ്യപദ്ധതിയിൽ സെമസ്റ്റർ രീതിയും വാർഷിക രീതിയുമായിരിക്കും. ഒമ്പത്, പത്ത് ക്ലാസുകളിൽ കുട്ടികൾ മൂന്ന് ഭാഷ പഠിക്കണം. ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷയായിരിക്കും. 11, 12 ക്ലാസുകളിൽ ഒരു ഇന്ത്യൻ ഭാഷയടക്കം രണ്ടു ഭാഷ പഠിക്കണം.
4 ഘട്ടമായി
സ്കൂൾ വിദ്യാഭ്യാസം
പുതിയ പാഠ്യപദ്ധതിയിൽ സ്കൂൾ വിദ്യാഭ്യാസത്തെ നാലു ഘട്ടമായി തിരിച്ചിട്ടുണ്ട്–- ഫൗണ്ടേഷൻ, പ്രിപ്രേറ്ററി, മിഡിൽ, സെക്കൻഡറി. മൂന്നുമുതൽ എട്ടുവരെ വയസ്സുകാരാണ് ഫൗണ്ടേഷൻ ഘട്ടത്തിൽ. കളികളെ അടിസ്ഥാനപ്പെടുത്തിയാകും അധ്യാപനം. പാഠപുസ്തകങ്ങളും വർക്ക്ബുക്കുകളും ഒന്നാം ക്ലാസുമുതൽമാത്രം. രണ്ടാം ക്ലാസോടെ ഫൗണ്ടേഷൻ ഘട്ടം അവസാനിക്കും.
എട്ടുമുതൽ 11 വരെ പ്രായക്കാർക്കാണ് പ്രിപ്രേറ്ററി ഘട്ടം. ഗണിതവും മൂന്നു ഭാഷയും കുട്ടികൾ പഠിക്കണം. പ്രവൃത്തിപരിചയത്തിലും സംവാദത്തിലും ഊന്നിയ അധ്യാപനരീതി തുടരും. 11 മുതൽ 14 വരെ പ്രായക്കാർക്കാണ് മിഡിൽ ഘട്ടം. എട്ടാം ക്ലാസുവരെ വിവിധ തൊഴിൽപരിചയവും നൽകും.
ഒമ്പതുമുതൽ 12–-ാം ക്ലാസുവരെ 14–-18 പ്രായക്കാർക്കാണ് സെക്കൻഡറി ഘട്ടം. കുട്ടികൾക്ക് താൽപ്പര്യമുള്ള കോഴ്സുകൾക്ക് അവസരം നൽകും. സ്കൂളിൽ കോഴ്സ് പൂർത്തീകരിച്ചാലുടൻ മോഡുലാർ പരീക്ഷയിലൂടെ സർട്ടിഫിക്കറ്റ് നൽകും. ഒമ്പത്, പത്ത് ക്ലാസുകളിൽ മൂന്ന് ഭാഷയ്ക്കു പുറമെ ഏഴ് വിഷയമുണ്ടാകും. സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഗണിതം–- കംപ്യൂട്ടേഷണൽ തിങ്കിങ്, കലാവിദ്യാഭ്യാസം, ഫിസിക്കൽ എഡ്യൂക്കേഷൻ, വൊക്കേഷണൽ എഡ്യൂക്കേഷൻ എന്നീ മേഖലകളിൽനിന്നായി വിഷയങ്ങൾ തെരഞ്ഞെടുക്കാം. ഭാഷകൾക്കും ഏഴു വിഷയത്തിനും പൊതുപരീക്ഷയുണ്ടാകും. ആർട്ട്, ഫിസിക്കൽ, വൊക്കേഷണൽ വിഷയങ്ങൾക്ക് ഇന്റേണൽ എക്സാം പുറത്തുനിന്നുള്ള അധ്യാപകര് നടത്തണം.
11–-12 ക്ലാസുകളിൽ രണ്ടു ഭാഷയ്ക്കു പുറമെ നാല് വിഷയം പഠിക്കണം. മൂന്ന് ഗ്രൂപ്പായി തിരിച്ചിട്ടുള്ള വിഷയങ്ങളിൽ രണ്ട് ഗ്രൂപ്പിൽനിന്നാണ് നാലെണ്ണം തെരഞ്ഞെടുക്കേണ്ടത്. ഗ്രൂപ്പ് രണ്ട്–- ആർട്ട്, ഫിസിക്കൽ, വൊക്കേഷണൽ. ഗ്രൂപ്പ് മൂന്ന്–- സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ഇന്റർഡിസിപ്ലിനറി ഏരിയാസ്. ഗ്രൂപ്പ് നാല്–- സയൻസ്, മാത്സ്, കംപ്യൂട്ടേഷണൽ തിങ്കിങ്.